ശനിയാഴ്‌ച, സെപ്റ്റംബർ 01, 2012

യാസ്മിന്‍

മുറ്റത്ത്  മോട്ടോര്‍ ബൈക്കിന്റെ ശബ്ദം.
"ഇത്താ... യാസ്മിനെ കാണാന്‍ അവര്‍ വരുന്നുണ്ട്"  നസീര്‍ക്കാന്റെ ശബ്ദം കേട്ട് മുകളിലെ മുറിയില്‍ വായിച്ചു കൊണ്ടിരുന്ന യാസ്മിന്‍  ജനവാതിലിലൂടെ  താഴേക്കു നോക്കി.  
" ആരാ പറഞ്ഞത്.. " ഇത് കേട്ട് വേഗം ഉമ്മ മുറ്റത്തേക്കിറങ്ങി  ചെന്നു.
"എനിക്കിപ്പം പയ്യന്റെ  കാരണോര്‍ ‍ മൊബൈലില്‍ വിളിച്ചതാ...ഫോട്ടോ കണ്ടിട്ട് ഇഷ്ട്ടായെന്നും  നേരിട്ട് കാണണന്നും പറഞ്ഞു ." നെസീര്ക്ക കിതക്കുന്നുണ്ടായിരുന്നു. " അപ്പം തന്നെ  ഞാന്‍ ബൈക്ക് എടുത്തു ഓടി. ഇവിടത്തെ ഫോണ്‍ എപ്പം നോക്കുംബോളും വെടക്കായിട്ടാ ഉണ്ടാവുക"
"എന്റെ  പടച്ചോനെ ഇപ്പഴെന്താ  ചെയ്യാ? ചായക്ക്‌ കൂട്ടാനിണ്ടാക്കാന്‍ ഇവിടെ ഒരു കുന്തവുമില്ലല്ലോ.." ഉമ്മാന്റെ ബേജാര്‍ കണ്ടിട്ട് യാസ്മിന് ചിരിവരുന്നുണ്ടായിരുന്നു.
"പ്രശ്നാക്കണ്ട..കണ്ണൂരുന്നും മാഹിയില്‍  എത്താന്‍ എന്തായാലും ഒരു മണിക്കൂര്‍ പിടിക്കും. അതിനിടയില്‍ നമ്മക്ക് ശെരിയാക്കാം." നസീര്‍ക്ക ഉമ്മാനെ ആശ്വസിപ്പിക്കുന്നു.    
എന്റെ പാവം ഉമ്മ ഇതെത്രാമത്തെ തവണയാ ചായയും കടിയും ഉണ്ടാക്കുന്നത്‌. വരുന്നവര്‍  ചായയും, അപ്പത്തരങ്ങളും തട്ടി ഏംബക്കവുമിട്ടു പോവും.  ഇതിനല്ലേ ഉമ്മ ഇത്ര ബേജാറാവുന്നത്‌. 
" മോനെ നസീറെ നീ ആ മാര്‍ജിന്‍ ഫ്രീയില്‍ പോയിട്ട് കുറച്ചു സാധനം വാങ്ങിയിട്ട് വേഗം വന്നാ" ഉമ്മ പൈസയെടുക്കാന്‍ ‍ അകത്തേക്ക് വന്നു.
"യാസ്മീ നീ വേഗം ഒരുങ്ങിയാട്ടെ, ന്നെ കാണാന്‍ ആള് വരുന്നുണ്ട്..." 
" ഇതെത്രാമത്തെ  പ്രാവശ്യാ ഉമ്മാ...ഇനിയും വേണോ" അവള്‍ വെറുതെ ഒന്ന് പറഞ്ഞു നോക്കി. ഉമ്മാക്ക് ദേഷ്യം വന്നു.
" നീ അതൊന്നും ആലോചിക്കേണ്ട. പെങ്കുട്ടിയേളായാല്‍ ‍അങ്ങനെത്തന്നെയാ.. നീ വേം ചെല്ല്. കുളിച്ചിട്ടു ആ നീല ചൂരിദാര്‍ ഇട്ടിട്ടു വാ. നിനക്കീ കുട്ടിയെ എന്തായാലും ഇഷ്ട്ടപ്പെടും."
ഉമ്മ പൈസ എടുത്തു പുറത്തേക്കിറങ്ങി. 
" നസീറെ നിന്റെ മൊബയിലില്‍  കുഞ്ഞീക്കാനോടും, നാസ്നിയോടും, ഇവിടെ വേം എത്താന്‍ പറ. നിന്റെ  രെഹനാനെയും കൂട്ടേ..."
  അവള്‍ തോര്‍ത്തു മുണ്ടെടുത്ത് കുളിമുറിയിലേക്ക് നടക്കുന്നതിനിടയില്‍ ആലോചിച്ചു.  ഡിഗ്രി  കഴിഞ്ഞ മുതലാണ്‌ ഒരു കാഴ്ച വസ്തുവേപ്പോലെ വിത്യസ്ത മുഖങ്ങള്‍ക്കു  മുന്നില്‍ തല താഴ്ത്തി മുഖത്തു പുഞ്ചിരി നിറച്ചു ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തുടങ്ങിയത്. വന്നവരില്‍ ചിലര്‍ കാലില്‍ മുടന്തുണ്ടോയെന്നു  പരീക്ഷിക്കാന്‍ അവര്‍ക്ക്  മുമ്പിലൂടെ  നടത്തിക്കുകയും ചിലര്‍ മൂകയാണോ  എന്ന് പരീക്ഷിക്കാന്‍  ധാരാളം  സംസാരിപ്പിക്കുകയും ചെയ്തതോര്‍ത്ത്‌ അവള്‍ ഊറിച്ചിരിച്ചു.

എല്ലാവര്ക്കും നേരിട്ട് തന്നെ കാണണം. ഫോട്ടോ മാത്രം  കണ്ടാല്‍  വിശ്വസിക്കാനാവില്ല  പോലും.  ഫോട്ടോഷോപ്പ്  ഒക്കെയുള്ള ഈ കാലത്ത് എങ്ങനെ  വിശ്വസിക്കും.  തനിക്കും  അത്  തന്നെയല്ലേ വേണ്ടത്. നേരിട്ട് കണ്ടാല്‍ ആളെക്കുറിച്ച് ഒക്കെ മനസ്സിലാക്കാം.  പക്ഷെ  കൂടെ  വരുന്നവരുടെ പരീക്ഷണങ്ങളാണ് സഹിക്കാനാവാത്തത്. ഈ ഒരു കുളിയോടെയെങ്കിലും   ഇതൊന്നു  അവസാനിച്ചെങ്കില്‍...?  
 തല തുവര്‍ത്തികൊണ്ട് അവള്‍ മുറിയിലെ കണ്ണാടിക്കു മുമ്പില്‍ വന്നു നിന്നു. അടുക്കളയില്‍ പാത്രങ്ങളുടെ കശപിശകള്‍ കേള്‍ക്കുന്നുണ്ട്. ഉമ്മയെകൂടാതെ വേറെയാരുടെയോക്കെയോ ശബ്ദങ്ങളുമുണ്ടല്ലോ‍. ഇത്ര പെട്ടെന്ന് ആളുകളൊക്കെ ഇവിടെയെത്തിയോ. പെണ്ണ്കാണലും കല്യാണങ്ങളും ബന്ധുക്കള്‍ക്ക്  സന്തോഷങ്ങള്‍ നല്‍കുന്ന  നിമിഷങ്ങളാണ്. ഏതു തിരക്കിനിടയിലും എല്ലാ ബന്ധുക്കളും ഓടിയെത്തുന്ന  ആഘോഷങ്ങള്‍. 
 അവള്‍ കണ്ണാടിയില്‍ നോക്കി.   കസവിന്റെ  കരയുള്ള,  സ്വര്‍ണ്ണ മുത്തുകളും  നൂലുകളും  കൊണ്ട് ഡിസൈന്‍ ചെയ്ത നീല ചൂരിദാര്‍ അണിഞ്ഞപ്പം സൌന്ദര്യം വര്‍ദ്ധിച്ചുവോ.? തന്റെ  പൂച്ചക്കണ്ണ്‍കള്‍ക്ക് തിളക്കം കൂടിയോ.  ഈ സൌന്ദര്യം തന്നെ അഹങ്കാരിയാക്കിയിട്ടുണ്ടോ?  അവളുടെ മനസ്സ് സ്വയം ചോദിക്കാന്‍  തുടങ്ങി. താന്‍  സുന്ദരിയാണെന്നുള്ള അഹംഭാവം കൊണ്ടല്ലേ ഇതുവരെ കാണാന്‍ വന്നവരൊക്കെ തന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടും വെറും കയ്യോടെ തിരിച്ചു പോയത്. മനസ്സില്‍ നിന്നുമുള്ള ചോദ്യം അവളെ കുഴക്കി. അല്ല അതല്ല സത്യം. തന്റെ മനസ്സിണങ്ങുന്ന  മുഖം ഇത് വരെ വന്നവരിലൊന്നും  കാണാത്തത് കൊണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി എന്റെ ഇഷ്ടങ്ങളെ  ബലിയാടാക്കാന്‍ തയ്യാറല്ല. ചെറുപ്രായം മുതലേ കൂട്ടുകാരികള്‍ "വൈറ്റി ആഷ് " എന്ന്  ഓമനപ്പേരില്‍ വിളിച്ചു പുകഴ്ത്തിയത് എനിക്ക്   ഐശ്വര്യയെപ്പോലുള്ള സൌന്ദര്യമുണ്ടായിട്ടു തന്നെയല്ലേ. വെളുത്ത ഐശ്വര്യക്ക് ഒരു കറുത്ത അമീര്‍  ഖാനെങ്കിലും വേണ്ടേ.   ആണുങ്ങള്‍ക്ക് മാത്രമല്ല പെണ്ണുങ്ങള്‍ക്കും തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്‌. അത് മാത്രമല്ലേ ഞാന്‍ ഉപയോഗിക്കുന്നുള്ളൂ.   
  അവള്‍  ക്രീം എടുത്തു മുഖത്തു തേച്ചു .
 " അല്ലാ  ഉള്ള വെളുപ്പ്‌ പോരാഞ്ഞിട്ടാ മോളെ പിന്നെയും ക്രീം തേക്കുന്നെ....അവന്‍ കണ്ടിട്ട് നിന്നെ തന്നെ വേണോന്നു പറഞ്ഞാല്‍ നീ കുടുങ്ങും കേട്ടോ...." രെഹനമ്മായി  എത്തി.
"അത് പ്രശ്നമല്ല അമ്മായി ഞാന്‍ കൈകാര്യം ചെയ്തോളാം..എനിക്കിപ്പം നല്ല പരിചയമാണ്."
അമ്മായി  പിന്നില്‍ വന്നു നിന്നു അവളുടെ മുടി തുവര്‍ത്തിക്കൊണ്ട് ചോദിച്ചു.
" ഈ വരുന്നോന്റെ  ഫോട്ടോ ഒന്നുമില്ലേ?" 
"ഇല്ലമ്മായി. പെട്ടെന്ന് വന്നുപെട്ടതാ. എന്റെ ഫോട്ടോ കണ്ടപ്പോള്‍ വേഗം കാണാനും വരുന്നു" അവള്‍ തെല്ലൊരഹങ്കാരത്തോടെ   തന്നെ പറഞ്ഞു.  
" ഇത് നടക്കുമെടീ. എന്റെ മനസ്സ് പറയുന്നു"  അമ്മായി അവളുടെ  മുടി ചീകി പിന്നില്‍ കെട്ടിയിട്ടു. 

  മുറ്റത്തു  കാറിന്റെ ഡോര്‍ തുറക്കുന്ന ശബ്ദം.
" അവരെത്തിയെന്നു തോന്നുന്നു. നീയിവിടെയിരി ഞാന്‍ നോക്കി വരാം." അമ്മായി പുറത്തേക്കിറങ്ങി.
അവള്‍ വേഗം അടുത്ത കൊച്ചു മുറിയിലേക്ക് ഓടി. അവിടെ  നിന്നാല്‍ മുറ്റം നേരെ തന്നെ കാണാം.  ജനവാതിലിന്റെ കമ്പികള്‍ പിടിച്ചു താഴെ മുറ്റത്തേക്ക് നോക്കി. ഇന്നോവ  കാറിന്റെ വാതില്‍ തുറന്നു രണ്ടു ചെറുപ്പക്കാര്‍ ഇറങ്ങുന്നുണ്ട്. കൂടെ ഒരു പെണ്‍കുട്ടിയുമുണ്ട്. ചെറുപ്പക്കാരില്‍ ഒരാള്‍ തലയുയര്‍ത്താതെ  വേഗം പൂമുഖത്തേക്ക്‌ കയറി.  മറ്റേയാളുടെ മുഖം കണ്ടു. അയ്യേ ഇവനോ. മനസ്സില്‍ അങ്ങിനെ തോന്നരുത്. സ്വന്തം മനസ്സ് താക്കീതു ചെയ്തു. പക്ഷെ എന്റെ ജീവിതമല്ലേ. ജീവിതാവസാനം വരെ ഒന്നിച്ചുകഴിയേണ്ട പങ്കാളി. തോന്നുക തന്നെ വേണം. ഇവന്‍ മതി എന്ന് മനസ്സ് നൂറുവട്ടം സമ്മതം പറഞ്ഞാലേ ഇഷ്ട്ടപെട്ടു എന്ന് ഞാന്‍ പറയുകയുള്ളൂ.
അവള്‍ മുറിയില്‍ തിരിച്ചെത്തി കണ്ണാടിക്കു മുന്പില്‍ നിന്നു. നീല  തട്ടം തലയില്‍ ഇട്ടു. അലമാരയില്‍ നിന്നും നീലക്കളറുള്ള കാതില എടുത്തണിഞ്ഞു. നീല ഡിസൈനുള്ള വളയും കൈയിലിട്ടു. കണ്ണാടിയില്‍ നോക്കിക്കൊണ്ട്‌ സ്വയം  ആസ്വദിച്ചു നിന്നു.        
" യാസ്മീ വാ താഴെ പോകാം..എല്ലാരും കാത്തുനിക്കുന്നു." അമ്മായി അവളുടെ  മുന്നില്‍ വന്നു നിന്നുകൊണ്ട് ഒന്ന് കൂടി അവളെ  മുഴുവന്‍ വീക്ഷിച്ചു എല്ലാം ശെരിയെന്നു വിലയിരുത്തി.   തട്ടം  ഒന്നുകൂടി തലയില്‍ കയറ്റിയിട്ടു.  കൈ  പിടിച്ചുകൊണ്ട്  താഴേക്കിറങ്ങി.   
പടികള്‍ ഇറങ്ങുമ്പോള്‍ നെഞ്ജിടിക്കാന്‍  തുടങ്ങി. മനസ്സിലൊരു ഉള്‍ഭയം. ഇതുവരെ ഉണ്ടായിരുന്ന ധൈര്യമൊക്കെ എവിടെപ്പോയി? അമ്മായിയെന്തേ അവനെക്കുറിച്ച്  ഒന്നും മിണ്ടാത്തത്.
"അവര്‍ സിറ്റിംഗ് റൂമില്‍ ഇരിക്കയാണ്. ചായ കുടിക്കുന്നുണ്ട്‌‌ " അവനെ കണ്ടില്ലയോ അമ്മായി..  മനസ്സില്‍  സ്വയം  ചോദിച്ചു...  
 താഴെ ഹാളില്‍ കൂട്ടം കൂടിനിന്നവര്‍ തന്നെത്തന്നെ നോക്കിനില്‍ക്കുന്നു. പുറത്തുള്ളവര്‍ ആരെങ്കിലുമുണ്ടോ. തല ഉയര്‍ത്തി നോക്കാനാവുന്നില്ല.
"എന്താ പതിവില്ലാത്തൊരു നാണം" നാസ്നീത്ത അടുത്തു വന്നു അവളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവള്‍ തല ഉയര്‍ത്താന്‍  ശ്രമിച്ചു. വീണ്ടും താഴ്ന്നു  പോവുന്നു.

മുറിയില്‍ പത്തു പതിനാലു  വയസ്സുള്ള  ഒരു സുന്ദരിക്കുട്ടി കസേരയില്‍ ഇരിക്കുന്നു. അവളെക്കണ്ടപ്പോള്‍ സുന്ദരിക്കുട്ടി എഴുന്നേറ്റു ചെന്നു  കൈകൊടുത്തു പറഞ്ഞു.   "അസ്സലാമു അലൈക്കും"
"വ അലൈകുമസ്സലാം" ശബ്ദം പുറത്തു വന്നുവോ.  
തലയുയര്‍ത്തി  നോക്കാനാവുന്നില്ല. താഴ്ത്തിയിട്ട  മുഖം  സുന്ദരിക്കുട്ടി താടിയെല്ലില്‍ പിടിച്ചു ഉയര്‍ത്തി. " നോക്കട്ടെ എന്റെ അമ്മായിയെ...."
 ഒന്ന് നോക്കി പെട്ടെന്ന് തന്നെ കൈ വിട്ടു അവള്‍ ഒന്നും പറയാതെ പുറത്തേക്ക് പോയി. തന്നെ ഇഷ്ട്ടപെട്ടില്ലയോ  തന്റെ സൌന്ദര്യം അവരുടെ മുമ്പില്‍ ഒന്നുമല്ലെന്നോ. മനസ്സില്‍ ചിന്തകള്‍ ഇരച്ചുകയറി. പെട്ടെന്ന് മുറിയുടെ വാതില്‍ക്കല്‍ അവള്‍ വീണ്ടും. ആരെയോ കൈ പിടിച്ചു കൊണ്ടുവരുന്നുണ്ട്. തല ഉയര്‍ത്തിനോക്കി. പെട്ടെന്ന് തല താഴ്ന്നുപോയി. താനാരെയാ കണ്ടത് അമീര്‍ ഖാനോ, കൃത്വിക്ക് രോഷനോ.......ഇവന്‍ ഇവനാണ് ഞാന്‍ കാത്തിരുന്നവന്‍. എന്റെ സ്വപ്നത്തിലെ നായകന്‍.
മനസ്സില്‍ വര്‍ണ്ണങ്ങള്‍ വിരിഞ്ഞു. കുളിര്മഴ  പെയ്തു. കാര്‍മേഘം നീങ്ങി ആകാശം തെളിഞ്ഞു.
അവന്‍ മുറിയിലെ കസേരയില്‍ കയറി ഇരുന്നു.
"നിങ്ങള്‍ സംസാരിക്ക്..ഞാനിപ്പം ‍ വരാം"  സുന്ദരിക്കുട്ടി പുറത്തു വാതിലനടുത്തെക്ക് മാറി നിന്നു.
ഇതാ എന്റെ ജീവിത പങ്കാളി എന്റെ മുമ്പില്‍ ഇരിക്കുന്നു....ഞാന്‍ ഇതുവരെ കാത്തിരുന്നവന്‍, എന്റെ സ്വപ്ന നായകന്‍...
"ഏതു വരെയാ പഠിച്ചത്. "
ഇന്റര്‍ വ്യൂ തുടങ്ങി. അല്ല എന്റെ ജീവിതപങ്കാളിയാ ചോദിക്കുന്നത്.
"ബി.എ   കഴിഞ്ഞു." 
" എന്നിഷ്ട്ടമായോ.." പ്രതീക്ഷിച്ചുകൊണ്ടിരുന്ന ചോദ്യം.
നൂറുവട്ടം ആയിരംവട്ടമെന്നു വിളിച്ചുപറയണമെന്നു തോന്നി.
"ഹൂം..".ഒരു മൂളല്‍ മാത്രം പുറത്തു വന്നു.
"എന്നോടൊന്നും ചോദിക്കാനില്ലേ....?"
"ഹും ഹും ..."ഇല്ല ഒന്നുമില്ല. എനിക്ക് നിങ്ങളെക്കുറിച്ച്  ഒന്നുമറിയണമെന്നില്ല. ഈ കണ്മുന്നില്‍ കാണുന്നതല്ലേ നിങ്ങള്‍. അതിനപ്പുറം നിങ്ങളാരെന്നെനിക്കറിയേണ്ട. 
" ഞാന്‍ സ്ടേറ്റില്‍   നിന്നായിരുന്നു ഇലക്ട്രോണിക് എഞ്ചിനീയറിംഗ് കഴിഞ്ഞത്, കുറച്ചു നാള്‍ അവിടെത്തന്നെ വര്‍ക്ക്‌ ചെയ്തു. ഇപ്പോള്‍ ദുബായിലാണ്."
നിശബ്ദത....
ഇനിയൊന്നും ചോദിക്കാനില്ലേ. മനസ്സില്‍ നിറയെ പറയാന്‍ ഉത്തരങ്ങള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുന്നു. ചോദിക്കാനും.   
 "എന്നാല്‍ ഞാന്‍ പോവുകയാണ് വീണ്ടും കാണാം." നിശബ്ദതക്കു വിരാമം.
കൂടിക്കാഴ്ചയ്ക്കും വിരാമം. ഇനിയെന്ന്...?
" പോട്ടെ അമ്മായീ...." സുന്ദരിക്കുട്ടീടെ  യാത്ര പറയല്‍‍.
അവരെ യാത്രയയക്കാനായി എല്ലാവരും പൂമുഖത്തെക്കിറങ്ങി.
അപ്പോളാ ഓര്‍ത്തത്. സുന്ദരിക്കുട്ടീടെ  പേര് പോലും ചോദിക്കാന്‍ മറന്നു....

അവള്‍ പടികള്‍ കയറി മുകളിലേക്ക്  ഓടി. കിതച്ചുകൊണ്ട് കൊച്ചു മുറിയിലെ ജനലിലൂടെ മുറ്റത്തേക്കു നോക്കി.
അവന്‍ വാതില്‍ തുറന്നു കാറില്‍ കയറുന്നു. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു. സുന്ദരിക്കുട്ടി  കൈവീശി യാത്ര പറയുന്നു. ആരോടാണാവോ...?  കാര്‍ കണ്ണില്‍ നിന്നും മറയുന്നത്  വരെ അവള്‍  നോക്കി നിന്നു.


 അല്ലാഹുവിന്റെ മുന്നില്‍ നിന്ന് രണ്ടു റകഅത്ത് നമസ്ക്കരിച്ചാല്‍ അനുയോജ്യമായത്   കിട്ടുമെന്ന് തന്റെ ഉസ്താത് പറഞ്ഞത് ഓര്മ വന്നു. അവള്‍ വേഗം കുളിമുറിയില്‍ കയറി. വുദു എടുത്തു. നമസ്ക്കാരപ്പടം  വിരിച്ചു നമസ്ക്കരിക്കാന്‍ തുടങ്ങി. സുജൂദില്‍ ഏറെ നേരം പ്രാര്‍ഥിച്ചു  അവന്‍ എനിക്ക്  അനുയോജ്യനെങ്കില്‍  എന്റെ ജീവിതപങ്കാളിയാക്കണേ.  

 ഉറങ്ങാന്‍ കിടന്നിട്ടു മണിക്കൂറുകള്‍കഴിഞ്ഞു. കണ്പോളകള്‍ക്ക് ഘനം തൂങ്ങിത്തുടങ്ങിയിട്ടുണ്ട്. പക്ഷെ  കണ്പോളകള്‍ ‍ അടയ്ക്കുമ്പോള്‍ അവന്റെ മുഖം  മുന്നില്‍  വന്നു നില്‍ക്കുന്നു.  മനസ്സില്‍  ഇത്രയും  സന്തോഷത്തിന്റെ നിറം പകര്‍ന്ന ദിനം  വേറെ  ഉണ്ടായിരുന്നോ ജീവിതത്തില്‍.... .  അവര്‍  നാളെ വിവരം വിളിച്ചു  പറയുമെന്നാണ്   നസീര്‍ക്ക പറഞ്ഞത്. നാളെ മുതല്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു തുടങ്ങാലോ.  ഒരു പാട് കാര്യങ്ങള്‍ ചോദിക്കാനുണ്ട്. പറയാനുമുണ്ട്.  ആ റസിയ അവളുടെ  കല്യാണം ഉറപ്പിച്ചപ്പോള്‍  മൊബയിലില്‍ അവനുമായി  കൊഞ്ചി സംസാരിക്കുന്നത് കാണുമ്പോള്‍ ദേഷ്യം വരുമായിരുന്നു. അവള്‍ ഇപ്പോള്‍ നാട്ടിലുണ്ടെന്ന് ആരോ പറഞ്ഞല്ലോ. നാളെ  ഒക്കെ അവളെ വിളിച്ചു പറയണം. മനസ്സില്‍ കണ്ട സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍  പോവുന്നതോര്‍ത്തു എപ്പോഴാണ് ഉറങ്ങിയതെന്നറിയില്ല.
വാതിലില്‍ ഉമ്മാന്റെ മുട്ട് കേട്ടിട്ടാണ് ഉറക്കം ഞെട്ടിയത്.
അവള്‍ എഴുന്നേറ്റു കുളിമുറിയില്‍ കയറി.
താഴേക്കു പടിയിറങ്ങുമ്പോള്‍ മനസ്സില്‍ വീണ്ടും ചിന്തകള്‍ ഉയര്‍ന്നു. ഇന്നവര്‍ വിളിക്കാമെന്ന് പറഞ്ഞതല്ലേ..നസീര്‍ക്കാനെ വിളിച്ചിരിക്കുമോ?
 മുറ്റത്തു മോട്ടോര്‍ ബൈക്കിന്റെ ശബ്ദം. 
നസീര്‍ക്കയും രെഹനമ്മായിയും അകത്തേക്ക് കയറി. അമ്മായീടെ മുഖത്ത് പുഞ്ചിരി. മനസ്സില്‍ ജിജ്ഞാസ വര്‍ദ്ധിച്ചപ്പോള്‍ അമ്മായീടെ കൈ  കയറി പിടിച്ചു. പറയാമെന്നു  ആംഗ്യം  കാണിച്ചു  അമ്മായി നസീര്‍ക്കയോടൊപ്പം അകത്തേക്ക് കയറി.
"എന്തായെടാ അവര്‍ വിളിച്ചോ" ഉമ്മ ഓടി വന്നു ചോദിച്ചു. 
ഒന്നും പറയാതെ നസീര്‍ക്ക ഒരു കസേരയില്‍ ഇരുന്നു. 
"അവര്‍ വിളിച്ചിരുന്നു. അവര്‍ക്ക്  യാസ്മീനെ ഇഷ്ട്ടപ്പെട്ടു..".ഇപ്പുറത്തെ മുറിയില്‍ നിന്നു അവള്‍ കേട്ടു.
"അവര്‍ക്ക് സ്വര്‍ണ്ണവും പണ്ടവുമൊന്നും വേണ്ട...." ഹോ മനസ്സ് നിറഞ്ഞു.
"പക്ഷെ..." എന്താ.  അവള്‍ടെ നെഞ്ചിടിക്കാന്‍  തുടങ്ങി.
"അവന്‍ ബംഗ്ലൂരില്‍ ഒരു ഫ്ലാറ്റ് വാങ്ങാന്‍ അഡ്വാന്‍സ്‌ കൊടുത്തിട്ടുണ്ട്. ഒരു കോടി രൂപ  വിലയുണ്ട്‌.  35  അഡ്വാന്‍സ്‌    കഴിച്ചു 65  കൊടുക്കണം. അത് നമ്മള്‍ കൊടുക്കുകയാണെങ്കില്‍  ഈ മാസം തന്നെ കല്യാണം." നെഞ്ച്  പൊട്ടിത്തകര്ന്നുവോ.  
"ഇല്ലെങ്കില്‍  കൊടുക്കാന്‍ വേറെ ആളുണ്ട്..അവന്‍ മാസത്തില്‍ 2 ലക്ഷത്തിന്റെ മേലെ ശമ്പളം വാങ്ങുന്ന എഞ്ചിനീയറാ..."
"65 ലക്ഷം. ഈ പുര വിറ്റാല്‍ കിട്ടില്ലല്ലോ മോനെ അതിന്റെ പകുതി...പോവാന്‍ പറ  ഓനോട്‌. ന്റെ മോള്‍ മംഗലം കയിക്കാണ്ടിവിടെയിരുന്നോട്ടെ. അങ്ങനെ പൈശക്ക് വേണ്ടി ഓനെന്റെ  മോളെ കെട്ടേണ്ട  "
ഉമ്മയുടെ ദേഷ്യം അവളിലേക്ക്‌ തിരിഞ്ഞു.
"ഓള്‍ക്കിത് തന്നെ വേണം. എത്ര നല്ല ചെക്കന്മാര്‍ വന്നതാ. പൊന്നും പൈശയും ഒന്നും വേണ്ട. ഓളെ മാത്രം മതീന്ന് പറഞ്ഞിട്ട്. വലിയ മൊഞ്ചത്തിയാന്ന   അഹങ്കാരാ  ഓള്‍ക്ക്. അനുഭവിക്കട്ടെ."
"മതി  ഇത്താ  ഓളെ വിഷമിപ്പിക്കേണ്ട"  നസീര്‍ക്ക ഉമ്മാനെ ആശ്വസിപ്പിക്കുന്നുണ്ട്.  
 മുറിയിലേക്ക് അമ്മായി കയറി വന്നു. 
അവള്‍ കട്ടിലില്‍ ഇരിക്കുന്നു.  കണ്ണുകള്‍ നിറഞ്ഞിരുന്നു. അമ്മായി അവളുടെ കൈ പിടിച്ചു. സാരമില്ല മേലെയുള്ളവന്‍ വിധിച്ചിട്ടുണ്ടെങ്കിലെ    ഒക്കെ വരൂ. ഇത്ര വലിയ പണം  ആവശ്യപ്പെട്ടവന്‍ പണത്തെ മാത്രമേ സ്നേഹിക്കൂ. നിന്നെ സ്നേഹിക്കില്ല." 
അവള്‍ ഒന്നും മിണ്ടിയില്ല. മെല്ലെ എഴുന്നേറ്റു. മുറിക്കു പുറത്തേക്ക്  നടന്നു.  മുകളിലേക്കുള്ള  പടികള്‍ മെല്ലെ കയറാന്‍ തുടങ്ങി.   
"യാസ്മീ ഞാനും വരുന്നു." അമ്മായി പിന്നാലെ. 
 അവള്‍  മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു.
"യാസ്മീ വാതില്‍ തുറക്ക്..."
"അമ്മായീ എന്നെയൊന്നൊറ്റക്ക്  വിട്വോ..."
 അവള്‍ വാതിലില്‍ ചാരി നിന്നു. പൊട്ടി പൊട്ടിക്കരഞ്ഞു. പിന്നെ കണ്ണാടിക്കു മുമ്പില്‍ വന്നു നിന്നു. കണ്ണാടിയില്‍ തന്റെ മുഖം കണ്ടപ്പോള്‍ ദ്വേഷ്യത്തോടെ  തലയിലുള്ള തട്ടം  കണ്ണാടിയിലേക്ക്  വലിച്ചെറിഞ്ഞു. മാനസിക നില തെറ്റിയവളെപ്പോലെ  സ്വയം  വിളിച്ചു പറഞ്ഞു. നിന്റെ  അഹങ്കാരം. അത് നിന്നെ നശിപ്പിക്കാനുള്ളതാണ്. സൂക്ഷിച്ചോ നീ...

സ്വന്തം മനസ്സും അവളെ കുറ്റപ്പെടുത്താന്‍ തുടങ്ങി. നിന്റെ അമിത വിശ്വാസത്തെക്കുറിച്ച് അന്നേ പറഞ്ഞില്ലേ? നീ നിന്റെ പരിധിക്കപ്പുറം കടന്നു. നീയൊരു പെണ്ണാണെന്നുള്ള   സത്യം മറന്നു. നിനക്ക്  തിരഞ്ഞെടുക്കാനുള്ള  അവകാശം ഉണ്ടായേക്കാം, പക്ഷെ അതിന്റെ പരിമിതി നീയറിഞ്ഞില്ല.
അതെ ഞാനിന്നറിഞ്ഞു ഞാനൊരു സ്ത്രീയാണെന്നും എന്റെ തീരുമാനത്തിന്റെ വിലയെന്താണെന്നും.....
കരച്ചില്‍ നിര്‍ത്താനാവാതെ അവള്‍ തലയണയില്‍ മുഖമമര്‍ത്തിക്കിടന്നു...
പുറത്തു ഉമ്മയുടെ ശബ്ദം.."യാസ്മീ വാതില്‍ തുറക്ക് നമ്മക്ക്  വഴിയുണ്ടാക്കാം  മോളെ.."
വേണ്ട ഉമ്മ..എനിക്കവനെ വേണ്ട..ഒന്നുമില്ലാതെ കെട്ടാമെന്നു പറഞ്ഞാലും വേണ്ട...അവനു
എന്നെ സ്നേഹിക്കാനാവില്ല....പണത്തെയല്ലാതെ....

യാസ്മീ വാതില്‍ തുറക്ക്..ഞാനാ പറയുന്നേ....നസീര്‍ക്കയും ഒച്ച വെക്കാന്‍ തുടങ്ങി...
അവള്‍ എഴുന്നേറ്റു വാതില്‍ തുറന്നു..
എന്താടീ ഇത്... ചെറിയ കുഞ്ഞിനെപ്പോലെ.....ഇതാ ഫോണ്‍
നസീര്‍ക്ക മൊബൈല്‍ നീട്ടി....അവള്‍ നസീര്‍ക്കാനെ നോക്കി...ആരാണെന്ന ആകാക്ഷയോടെ .....
നോക്ക് ആരാന്നു...
അവള്‍ മൊബയില്‍ ചെവിയില്‍ വെച്ച് .....ചിലമ്പുന്ന ശബ്ദത്തില്‍ ചോദിച്ചു....ഹലോ...
അപ്പുറത്ത്...ഹലോ യസ്മി ഇത് ഞാനാ റസിയ എടീ...നിന്റെ പഴയ ഫ്രണ്ട്..മറന്നോ...ഒരു മിനിറ്റ് ഫോണ്‍ ഒരാള്‍ക്ക്‌ കൊടുക്കാം..
ഹലോ..ഇത് ഞാനാ
ആര്..
മറന്നുവോ...ഇന്നലെ കാണാന്‍ വന്ന..ആദില്‍...
സോറി ട്ടോ ഞാന്‍ പറഞ്ഞിട്ടാണ്   നസീര്‍ക്ക  അങ്ങനെ പറഞ്ഞത്..റസിയ നിന്റെ സൌന്ദര്യത്തോടുള്ള അഭിനിവേശം കൊണ്ട് ഇത്തിരി അഹങ്കാരം  ഉണ്ടെന്നു പറഞ്ഞപ്പോള്‍ അതിനൊരു ചെറിയ കൊട്ട് തരണമെന്ന് തോന്നി....എന്റെ കൂട്ടുകാരനാണ് റസിയയെ കെട്ടിയത്....
എനിക്ക് ഈ "വൈറ്റി ആഷ്നെ" മാത്രം മതി....വേറെ ഒന്നും വേണ്ട...ട്ടോ
താന്‍ സ്വപ്നലോകത്താണോ..അവള്‍ നിമിഷങ്ങളോളം ഒന്നും ശബ്ദിക്കാനാവാതെ നിന്നു പോയി.     
അവള്‍ എല്ലാവരുടെയും  മുഖത്തു നോക്കി....എല്ലാവരുടെയും മുഖത്തു പുഞ്ചിരിയായിരുന്നു.   
നാണത്താല്‍ അവള്‍ ഉമ്മാ എന്ന് വിളിച്ചു ഉമ്മാന്റെ മാറത്തെക്ക് ചാഞ്ഞു...
കണ്ണുകള്‍ നിറഞൊഴുകുന്നുണ്ടായിരുന്നു ... കണ്ണുകള്‍ അടച്ചു അല്ലാഹുവിനു നന്ദി പറഞ്ഞു...   

വ്യാഴാഴ്‌ച, ജനുവരി 12, 2012

സമ്പാദ്യം

"പണം ധാരാളം തന്നിട്ടുണ്ട്. പക്ഷെ സ്നേഹം എന്ന ഒന്ന് ഉപ്പ ഇതുവരെ തന്നിനോ." മകന്റെ കനപ്പിചുള്ള  ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. തല സീറ്റിന്റെ പിന്നിലേക്ക്‌ ചായ്ച്ചു കണ്ണുകള്‍ അടച്ചു കിടന്നു. മനസ്സില്‍  കാര്‍മേഘം ഇരുണ്ടുകൂടിയിരിക്കുന്നു.  ഇടയ്ക്കു കണ്ണിലൂടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. പൂര്‍ണ്ണമായും  പെയ്യുന്നതിനു മുമ്പ് ഇടിമുഴക്കം വന്നേക്കുമോ  എന്ന ഭയം സ്വയം നിയന്ത്രിക്കാന്‍ മനസ്സ് മന്ത്രിച്ചു. കണ്ണ് തുറന്നു അടുത്ത സീറ്റിലെ യാത്രക്കാരനെ  ഒളികണ്ണിട്ടു  നോക്കി. വിമാനം പറക്കുന്നതിന് മുമ്പ് തന്നെ നാടിന്റെ മണ്ണില്‍ കാലു കുത്തിയെന്ന് തോന്നിപ്പിച്ചു  അയാള്‍ടെ മുഖഭാവം. 
വിമാനം പറന്നുയര്‍ന്നപ്പോള്‍  കുഞ്ഞു  ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെ മനോഹരമായി സ്ട്രീറ്റ് ലൈറ്റ് കൊണ്ട് ചിത്രം വരച്ച ദുബായ് പട്ടണം.  വിട. എന്റെ പ്രിയപ്പെട്ട ദുബായ്. വിട.  ഇനി ഈ ഭൂമിയില്‍ എന്റെ കാല്‍പ്പാടുകള്‍ അന്യമാവുന്നു. എന്റെ നിശ്വാസത്തില്‍ ഈ അന്തരീക്ഷത്തിലെ ഗന്ധം  ഇനിയുണ്ടാവില്ല. എന്റെ നെടുവീര്‍പ്പുകളെ പുണരാന്‍ ഇനി ഈ അത്യുഷ്ണം നിറഞ്ഞ അന്തരീക്ഷവുമില്ല ......  അര നൂറ്റാണ്ടിനടുത്തു അന്നംതന്ന കൊച്ചു രാജ്യമേ എല്ലാത്തിനും നന്ദി. ഒരു സ്വദേശിയെപ്പോലെ  എല്ലാം അനുഭവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ ഈ മരുഭൂമിയിലെ രാജാവിനും  പ്രജകള്‍ക്കും പ്രണാമം. 
കണ്ണുകള്‍ വീണ്ടും അടച്ചു. മകന്റെ ശബ്ദം വീണ്ടും. "എനിക്കാ  കുട്ടിയെ ഇഷ്ട്ടാണ്. അവള്‍ എനിക്ക് സ്നേഹം തന്നു. അവളുടെ ജാതിയൊന്നും ഞാന്‍ നോക്കിയില്ല. എനിക്കവളില്ലാതെ വേറൊരു ജീവിതമില്ല." എന്റെ മുമ്പില്‍ തലയുയര്‍ത്തി നിന്ന് സംസാരിക്കാത്ത അവന്റെ ഉറച്ച വാക്കുകള്‍ മനസ്സില്‍ തന്നെ കൊണ്ടു.
"എങ്കില്‍ നീ അവളുടെ കൂടെ കഴിഞ്ഞോളൂ, നിനക്കിങ്ങനെയൊരു ഉപ്പയുമില്ല" അത്ര കടുപ്പിച്ചു പറയേണ്ടായിരുന്നു. പക്ഷെ ഞാന്‍ സിറാജിന്റെ മകള്‍ക്ക് വേണ്ടി കൊടുത്ത വാക്കോ? കോടികള്‍ ആസ്തിയുള്ള ബിസിനെസ്സ്കാരനാണ്  അവന്‍. 
     
മുപ്പത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു മുമ്പാണ് മരുഭൂമിയില്‍ എത്തിയത്.  അത്യുഷ്ണവും കഠിന തണുപ്പും സഹിച്ചുള്ള  ജീവിതം. നാട്ടിലുള്ള സഹോദരിമാരെ കെട്ടിക്കാന്‍ പല വേഷങ്ങള്‍ കെട്ടി പണം സമ്പാദിച്ചു. അതിനിടയില്‍ കിട്ടിയ  സര്‍ക്കാരുദ്യോഗം വലിയ  സ്വപ്‌നങ്ങള്‍ നല്‍കി. ഉദ്യോഗത്തിനനുസരിച്ചുള്ള പെണ്ണിനെ തന്നെ കെട്ടി. ആദ്യ കണ്മണി ആണാണെന്നറിഞ്ഞപ്പോള്‍  സന്തോഷം കൊണ്ട് തുള്ളിച്ചാടി. വാര്‍ദ്ധക്യത്തില്‍  തനിക്കു താങ്ങാവുമല്ലോ. പിന്നീടെന്നാണ്  പണത്തോടുള്ള ആര്‍ത്തി കൂടാന്‍  തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ജോസെഫിന്റെ നാട്ടിലെ കെട്ടിടങ്ങളുടെ എണ്ണം കൂടുന്നത് കണ്ടപ്പൊഴോ? അല്ലേല്‍ മോയിതീന്റെ  കച്ചവടം പൊടിപൊടിക്കുന്നത് കണ്ടിട്ടോ? കുടുംബത്തെ  കൂടെ നിര്‍ത്താനുള്ള വരുമാനം  ഉണ്ടായിട്ടും ചിലവുകള്‍ ചിന്തിച്ചു അതിനു ശ്രമിച്ചില്ല. ബാങ്കിലെ ബാലന്‍സ് കൂടുന്നത് നോക്കി ആസ്വദിച്ചിരുന്ന  നിമിഷങ്ങള്‍.  വര്‍ഷത്തില്‍ മുപ്പതു ദിവസങ്ങള്‍ മാത്രം കാണുന്ന നാട്. ഭാര്യ, മകന്‍, രണ്ടാമത്തെ മകള്‍. തന്റെ സാമീപ്യം കൊണ്ട് മക്കളുടെ മനസ്സില്‍ ബാപ്പയുടെ രൂപം സൃഷ്ട്ടിക്കപ്പെടുംബോഴേക്കും തച്ചുടക്കുന്ന വേര്‍പ്പാടിന്റെ വേദന അറിയുന്ന മക്കള്‍. ആ വേദന മനസ്സിലായിട്ടും  എന്തേ തന്റെ മനസ്സ് പണത്തോടുള്ള ആര്‍ത്തിക്ക് അറുതി വരുത്തിയില്ല. പക്ഷെ താന്‍ മക്കളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റിയില്ലേ. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. എന്താവശ്യങ്ങള്‍ക്കും പണം വലിചെടുക്കാവുന്ന  മെഷീന്റെ കാര‍ഡ്‌  തന്നെ അവര്‍ക്കൊരോരുത്തര്‍ക്കും നല്‍കിയില്ലേ? 
സേനഹമില്ലേല്‍  ഞാനിതൊക്കെ അവര്‍ക്ക് നല്കുമായിരുന്നോ? പക്ഷെ അവന്റെ ചോദ്യം. എനിക്ക് സഹിക്കാനാവുന്നില്ല. പക്ഷെ ഞാന്‍ മക്കളെക്കാള്‍ സ്നേഹിച്ചത് പണത്തെ തന്നെയല്ലേ? അങ്ങിനെ തോന്നിയപ്പോള്‍  മനസ്സില്‍ നടുക്കം അനുഭവപ്പെട്ടു. കഴിഞ്ഞ കാലഘട്ടത്തിലെ  ചിന്തകളെ ഒരു തുലാസില്‍ കൊള്ളിക്കാന്‍ ശ്രമിച്ചു. സ്നേഹവും പണവും ഓരോ ഭാഗങ്ങളില്‍. പണത്തിന്റെ ഭാഗം താഴുന്നത് കണ്ടപ്പോള്‍ മനസ്സ് പിളരുന്നതായി തോന്നി. മകന്റെ ചോദ്യത്തിന്റെ കാരണം ഇത് തന്നെയല്ലേ. മകന്റെ 22 വര്‍ഷത്തിലെ ജീവിതത്തില്‍ ഞാന്‍ കൂടെയുണ്ടായത്‌ വെറും 22 മാസങ്ങള്‍. 2 വര്ഷം തികച്ചു പോലും ഞാന്‍ അവന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അവനു സേനഹവും ഉപദേശങ്ങളും നല്‍കി നല്ലൊരു വ്യക്തിത്വം വാര്‍ത്തെടുക്കേണ്ട  കാലഘട്ടത്തില്‍ നോട്ടുകെട്ടുകളുടെ എണ്ണം തികയ്ക്കുകയായിരുന്നില്ലേ ഞാന്‍. 
കമ്പനിയില്‍  രാജിക്കത്ത്  നല്‍കിയപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു. എന്ത് പറ്റി സര്‍. തല്ലിക്കൊന്നാല്‍ പോലും ജോലി ഒഴിവാക്കി പോവാത്ത  മാസശമ്പളം മോഹിച്ചു  കടിച്ചു  തൂങ്ങി കഴിയുന്ന എന്റെ രാജി ലോകാത്ഭുതങ്ങളില്‍ ഒന്നായി തന്നെയാനവര്‍ കണ്ടത്.  
"പണം ധാരാളം തന്നിട്ടുണ്ട്. പക്ഷെ സ്നേഹം എന്ന ഒന്ന് ഉപ്പ ഇതുവരെ തന്നിനോ." മകന്റെ ശബദം കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഇനിയെനിക്ക് പണം വേണ്ട. ഇനി എന്റെ മക്കള്‍. 25 വര്‍ഷങ്ങള്‍ക്കിടയില്‍  വെറും 2 വര്ഷം മാത്രം എന്നോടൊപ്പം  ജീവിച്ച  എന്റെ പ്രാണസഖി.  ഇനിയുള്ള ജീവിതം അവരോടൊപ്പം. ആ നിമിഷം തന്നെ രാജിക്കത്തെഴുതി  മേനേജരുടെ  മുറിയില്‍ എത്തിച്ചു.
വിമാനം താഴേക്കിറങ്ങുന്ന  അന്നൌന്‍സ്മെന്റ്  വന്നു. പച്ചപ്പ്‌ നിറഞ്ഞ താഴ്വര ജനലിലൂടെ വളരെ താഴെ കാണാന്‍ തുടങ്ങി. ഇനി മുതല്‍ എന്റെ ജീവിതത്തിന്റെ താഴ്വരയും  ഇത് പോലെ  പച്ചപ്പ്‌  നിറഞ്ഞതായിരിക്കില്ലേ?.
കാര്‍ വീട്ടിലേക്കുള്ള  മണ്പാതയില്‍ കടന്നപ്പോള്‍ രണ്ടു ഭാഗങ്ങളിലും  പൊടിപടലങ്ങള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇനി ഈ പൊടികളുമായി ഒട്ടിച്ചേര്‍ന്ന ജീവിതമാണെന്റെ മുമ്പില്‍ നീണ്ടുകിടക്കുന്നത്.  യാത്രയില്‍ അളിയന്‍ നൌഷാദിന്റെ  മൗനം എന്തോ ഒരു അപകടം സൂചിപ്പിക്കുന്നതായി തോന്നി. .
"എന്തേ നൌഷാദെ നീയൊന്നും മിണ്ടാത്തെ..?" 
"ഒന്നുമില്ല.."
കാര്‍ വീടിന്റെ മുറ്റത്തേക്കു കയറി...
ഉമ്മറത്ത് തറവാട്ടിലെ കാരണവര്‍ നില്‍ക്കുന്നുണ്ട്. എന്തേ പതിവില്ലാതെ  വരവേല്‍ക്കാന്‍ ഇവരെയൊക്കെ കാണുന്നത്.   കാരണവര്‍ക്ക്‌ കൈ കൊടുത്തു  വീടിനുള്ളിലേക്ക്  കയറി. കാരണവരുടെ മുഖത്ത് പതിവില്ലാത്ത  ഗൌരവം കാണുന്നുണ്ടല്ലോ......
അകത്താരെയും കാണാനില്ല. മുറിയിലേക്ക് വേഗം കയറി. മുറിയിലെ കസേരയില്‍ തന്റെ പ്രാണസഖി ഇരിക്കുന്നു. തന്നെ കണ്ടപ്പോള്‍ ഒരു ക്രൂദ്ധമായ  നോട്ടം നോക്കി മുഖം തിരിച്ചു കളഞ്ഞു. മുടിയൊക്കെ പാറിപറന്നു കളിക്കുന്നു.  സാരിത്തല  അഴിഞ്ഞു നിലത്തു വീണു കിടക്കുന്നു. ബ്ലൌസിന്റെ മേലെ മാറിടം പുറത്തു കാണുന്നു. എന്ത് പറ്റി ഇവള്‍ക്ക്. തന്നെ കണ്ടിട്ടും എന്തേ ഇവള്‍ എഴുന്നെല്‍ക്കാത്തത്. എന്തേ ഈ വേഷത്തില്‍. ഒരു ജീവച്ഛവം പോലെ? എന്റെ മക്കളെവിടെ?   
അളിയന്‍ പെട്ടികളുമായി  മുറിയില്‍ വന്നു. അളിയനെ പിടിച്ചു നിര്‍ത്തി ചോദിച്ചു..എന്ത് പറ്റിയെടാ ഇവള്‍ക്ക്..എനിക്കൊന്നും മനസ്സിലാവുന്നില്ല...?  
"അളിയന്‍ അറിഞ്ഞില്ലല്ലേ.. അളിയന്റെ മോന്‍ കഴിഞ്ഞാഴ്ച ആ തീയ്യത്തി പെണ്ണിന്റെ കൂടെ പോയി രജിസ്ടര്‍ കല്യാണം കഴിച്ചു..ഇപ്പം എവിടെയാ ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. ...അളിയന്‍ നാട്ടില്‍ വരുന്നത് കൊണ്ടാ  അറിയിക്കാണ്ട് നിന്നത്.."
"..നോക്ക് അത് കേട്ട മുതല്‍  എന്റെ പെങ്ങള്‍ മനസ്സ് തെറ്റി പിച്ച് പേയും പറഞ്ഞു നടക്കയാ...ആരെ  കണ്ടാലും തിരിച്ചറിയുന്നില്ല. ..നിങ്ങളില്ലാത്ത ജീവിതത്തില്‍ അവനായിരുന്നു ഇവര്‍ക്ക് എല്ലാം...പക്ഷെ അവനും ഇട്ടേച്ചു പോയി..നിങ്ങളെ കെട്ടിയതാ എന്റെ പെങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്..നിങ്ങള്‍ ഒറ്റ ആളാ എന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചത്..   "അവന്‍ വിറക്കുന്നുണ്ടായിരുന്നു ...
അവന്‍ വേഗം മുറിക്കു പുറത്തേക്കിറങ്ങുന്നതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു  ....."വേറൊന്നു  കൂടി  അറിഞ്ഞോ...നിങ്ങളെ മോളും ഒരു അചായനുമായി ലവ്വാ, അവനെ കെട്ടിയില്ലേല്‍ കെട്ടി തൂങ്ങുന്നാ അവളും പറയുന്നത്..."
ലോകം മുഴുവന്‍ കറങ്ങുന്നുവോ..താനില്ലാത്ത ലോകം എന്റെ ചുറ്റും കറങ്ങുന്നു..... മുറിയിലെ കട്ടിലില്‍ മെല്ലെ ഇരുന്നു...ഒരു നിമിഷം കൊണ്ട് താന്‍ സ്വപ്നം കണ്ട പച്ചപ്പുകള്‍ കരിഞ്ഞുണങ്ങി തീ കത്താന്‍ തുടങ്ങി.....നെഞ്ച് വല്ലാതെ വേദനിക്കുന്നു.. കൈകാലുകള്‍ തളരുന്നത് പോലെ...ഇടത്തെ നെഞ്ച് കൈകൊണ്ടു കൂട്ടിപിടിച്ചു...നീട്ടി വിളിച്ചു.."നൌഷാദെ..."ശബ്ദം പുറത്തേക്ക് വരുന്നില്ല..തന്റെ പ്രാണസഖി ക്രൂരമായി  തന്നെ നോക്കി ഇരിക്കുന്നു, താന്‍ അവളുമായി ശയിക്കേണ്ട കിടക്കയിലേക്ക് തന്നെ മറിഞ്ഞു ശരീരം നിശ്ചലമാവുന്നത് വരെ, തന്റെ ജീവിതം നശിപ്പിച്ചതിന്റെ പ്രതികാരമെന്നോണം.... 
ഓ തന്റെ  33 വര്‍ഷത്തെ സമ്പാദ്യം ഇനി....???!!!!

വെള്ളിയാഴ്‌ച, സെപ്റ്റംബർ 09, 2011

ഉപ്പയിത്ത...

എന്റെ ബാപ്പയുടെ വീട് മയ്യഴിപ്പുഴയുടെ  തീരത്താണ്. ഒരു പഴയ തറവാട്.  മുമ്പെങ്ങോ  വാഹനങ്ങള്‍ക്ക് ഓടാന്‍ വേണ്ടി  പുഴയുടെ ഭാഗത്തുള്ള  തറവാടിന്റെ ഭൂമിയെ  രണ്ടായി കീറിമുറിച്ചു കൊണ്ട് പാത സൃഷ്ടിചചത് കൊണ്ടാവാം  മുന്മുറ്റത്തിന്റെ  ഒരു ഭാഗം  റോഡിനപ്പുറത്താണ്. അതുകൊണ്ട്  പുഴയും റോഡിനപ്പുറത്തേക്ക് വഴിമാറി.  അടുത്തുള്ള  വീടുകളിലെ  ഭൂമിയും വിട്ടുകൊടുത്തത് കൊണ്ട്  ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക്  എത്തിച്ചേരാന്‍ നല്ല  വീതിയുള്ള റോഡുണ്ടായി.  തറവാടിന്റെ  പൂമുഖത്തിരുന്നാല്‍ പുഴ ഒഴുകുന്നത്‌  കാണാം. പുഴക്കപ്പുറം അന്യ സംസ്ഥാനം. കേരളം.

ബാല്യകാലത്ത്‌  പുഴയ്ക്കു സമാന്തരമായി കിടക്കുന്ന ഈ പാതയിലൂടെ  ബാപ്പയുടെ കൈ പിടിച്ചു തറവാട്ടില്‍ വരുന്നത് ഓര്‍മ്മയുണ്ട്. കിഴക്കോട്ടു നിന്നും വരുമ്പോള്‍ എന്റെ വലതു വശത്തൂടെ  ഒഴുകുന്ന  മയ്യഴിപ്പുഴയോടൊപ്പം ഞാന്‍  നടത്തമത്സരം നടത്തും. പുഴയില്‍ ഒഴുകുന്ന തെങ്ങോലയോ മറ്റോ ആയിരിക്കും പുഴയുടെ അടയാളം.  ഇങ്ങിനെ കുണുങ്ങി കുണുങ്ങി എവിടെക്കാണീ മൊഞ്ചത്തിപ്പുഴ  ഒഴുകിപ്പോവുന്നതെന്ന്  അന്ന് ഞാന്‍ ചിന്തിച്ചിരുന്നു. പിന്നീട് അറിഞ്ഞു. അങ്ങകലെ ഈ മൊഞ്ചത്തിയെ ഒരു ഭീമന്‍ കാമുകന്‍ കടല്‍  കാത്തിരിപ്പുണ്ട്‌. കാമുകനുമായി ഇണ ചേരാന്‍ പോവുകയാണീ കുസൃതിക്കാരി  പുഴ.  അതല്ലേ ഈ പുഴയ്ക്കു ഇത്രയേറെ സന്തോഷം.

ബാപ്പാന്റെ കൈ പിടിച്ചു കൊണ്ട് തറവാട്ടിലെ പൂമുഖത്തേക്ക്‌  കയറിപ്പോവുമ്പോള്‍ ഞങ്ങള്‍ ഉപ്പയിത്ത എന്ന് വിളിക്കുന്ന ബാപ്പേടെ കൊച്ചുപെങ്ങള്‍ ഓടി വന്നു എന്റെ കൈ പിടിച്ചു അകത്തേക്ക് കൊണ്ടുപോവും. അലമാരയില്‍ നിന്നും മിട്ടായി എടുത്തുതരും. സ്നേഹത്തോടെ  എന്റെ തലയില്‍ തലോടും. ഹോര്‍ലിക്സ് ഉണ്ടാക്കി കുടിപ്പിക്കും.
 
കൊച്ചു നാളില്‍ തന്നെ ബാപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞു. തറവാടുമായുള്ള ബന്ധവും പിരിഞ്ഞു. പിന്നീടു  മറുനാട്ടില്‍  ജോലിക്ക്  പോയി. ഇടയ്ക്കു  നാട്ടില്‍ എത്തുമ്പോള്‍  തറവാട്ടില്‍  കയറിയിറങ്ങും. തറവാട്ടിലേക്ക് പോവുമ്പോള്‍ പുഴയുടെ അരികിലുള്ള പാതയിലൂടെ   ബാല്യകാല  അനുഭവങ്ങള്‍  പരസ്പരം കൈമാറി ഞാനും പുഴയ്ക്കൊപ്പം നടക്കും.
പുഴയുടെ കറുത്തിരുണ്ട മുഖം കണ്ടിട്ട്, വ്യസനത്തോടെ ഒരു നാള്‍ ഞാന്‍ അന്വേഷിച്ചു. "നിന്റെ സൌന്ദര്യത്തിനു എന്ത് പറ്റി, പഴയ കുസൃതിത്തരവുമില്ല"?
  "കണ്ടില്ലേ.. നിന്റെ ആളുകള്‍ എല്ലാ പാഴ്വസ്തുക്കളും  എന്റെ നെഞ്ജത്തല്ലേ കൊണ്ടുവന്നിടുന്നത്. എന്റെ  സൌന്ദര്യം ആസ്വദിക്കുവാന്‍ ആരും വരുന്നുമില്ല.  എന്നെ  സംരക്ഷിക്കുവാനും  ആര്‍ക്കും താല്പര്യമില്ലിപ്പോള്‍. എന്റെ കാമുകനും എന്നെ സ്വീകരിക്കാതിരിക്കുമോയെന്നാണെന്റെ ഭയം ". ശെരിയാണ്. ദേശത്തെ ജനങ്ങള്‍ മുഴുവനും എല്ലാ നാറുന്ന വസ്തുക്കളും ഈ പുഴയിലേക്കാണ് ഇപ്പോള്‍ വലിച്ചെറിയുന്നത്. ആര്‍ക്കും ഒരു സ്നേഹവുമില്ല പുഴയോട്.  പാവം പുഴ.

തറവാട്ടില്‍ കയറുമ്പോള്‍ വാതുക്കല്‍ ഉപ്പയിത്ത ഉണ്ടെങ്കില്‍ കൈപിടിച്ച് അവരുടെ കൊച്ചു മുറിയിലെ  കട്ടിലില്‍ കൊണ്ടുപോയി ഇരുത്തും. എന്റെ അടുത്തുത്തന്നെ ഇരുന്നു കുറെ നേരത്തേക്ക് കൈ  മുറുക്കിപ്പിടിച്ചിങ്ങനെയിരിക്കും. കൊച്ചി തട്ടവും പെങ്കുപ്പായവും വെള്ള  തടുപ്പുമാണ് ഉപ്പയിത്തയുടെ  വേഷം. ഭാരം കൊണ്ട് താഴേക്കു നീണ്ടു കിടക്കുന്ന  കാതില്‍  സ്വര്‍ണ്ണത്തിന്റെ അലിക്കത്ത്   നിറഞ്ഞു നില്‍ക്കുന്നുണ്ടാവും.
മോന് സുഖം തന്നെയല്ലേ.. ചോദ്യത്തോടൊപ്പം  ആ ചുളിഞ്ഞ നിഷ്കളങ്കമായ മുഖത്തു സ്നേഹം വിരിയും. ആ കുഴിഞ്ഞ കണ്ണുകളില്‍ നനവ്‌ പ്രത്യക്ഷപ്പെടും. സ്നേഹം കൊണ്ടുള്ള  കണ്ണുനീര്‍. പിന്നീട് പെട്ടെന്ന് ഓര്‍മ്മ വന്ന പോലെ മുറിക്കു പുറത്തേക്ക് നോക്കി  പറയും... "മോളെ ന്റെ മോനിക്ക് ചായ കൊണ്ടാ.."  എന്റെ ഉപ്പയിത്ത നിഷ്ക്കളങ്കയായിരുന്നു. അവരുടെ ഓരോ വാക്കിലും സ്നേഹം നിറഞ്ഞു തുളുമ്പും.

ആ വര്‍ഷവും ഞാന്‍ ലീവിന് നാട്ടില്‍ എത്തി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പെങ്ങളുടെ ഫോണ്‍.  "എടാ നമ്മളെ ഉപ്പയിത്താനെ  ആശ്വത്ത്രിയില്‍  കൊണ്ടുപോയിന് ..ബോധമില്ല പോലും. നമ്മക്ക് പോവ്വാടാ."
ആശുപത്രിയില്‍ എന്നെ കണ്ടിട്ടും മോനെ ഉക്കു എന്ന് പറഞ്ഞെഴുന്നേറ്റു എന്റെ കൈ  പിടിക്കാത്ത ഉപ്പയിത്താനെ ഞാന്‍ നോക്കി നിന്നു.
 "പെട്ടെന്നുണ്ടായ സ്ട്രോക്കാണ്. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട്. ബോധം  തിരിച്ചുകിട്ടുന്ന  കാര്യം സംശയമാണ്. പ്രായവുമുണ്ടല്ലോ." അവിടെയുള്ളവരുടെ വിശദീകരണം.
മതി ഇനിയൊന്നും കേള്‍ക്കേണ്ട. മനസ്സ് വിങ്ങുകയായിരുന്നു. എന്നെ മോനെ എന്ന് വിളിക്കാന്‍,  എന്റെ കൈപ്പിടിച്ചിരിക്കാന്‍, എന്നെ തലോടാന്‍ ഇനി എന്ടുപ്പയിത്താക്കാവില്ലെന്നോ..?
 
വീട്ടില്‍ എത്തിയിട്ടും മനസ്സില്‍ കണ്ണടച്ചു കിടക്കുന്ന ഉപ്പയിത്താന്റെ മുഖം.
ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും ഉപ്പയിത്ത ആശുപത്രി കിടക്കയില്‍ ഏതോ ലോകത്ത് ബോധമില്ലാതെ തന്നെ കിടക്കുകയായിരുന്നു.
ഒരു ദിവസം പെങ്ങളുടെ ഫോണ്‍ വീണ്ടും. "എടാ ഉപ്പയിത്താനെ തറവാട്ടില്‍ തന്നെ കൊണ്ടന്നു". 
"വല്ല മാറ്റവും"
"ഇല്ല അങ്ങനെത്തന്നെ ഇപ്പളും"

ഞാന്‍ ‍പുഴയുടെ സമാന്തര പാതയിലൂടെ നടന്നു. പുഴയും അന്തരീക്ഷവും നിശബ്ദതയില്‍. പുഴ ഒഴുകുന്നില്ലേ. പുഴയോട് ചോദിക്കണമെന്നുണ്ട് എന്ത് പറ്റിയെന്നു. പക്ഷെ ഞാനും മൌനം പൂണ്ടു. എന്റെ ദുഖത്തില്‍ കൂട്ടുകൂടുകയാണോ പുഴയും?       
ഞാന്‍ തറവാട്ടിലെ പൂമുഖത്ത് കയറി. എന്റെ കൈ പിടിച്ചു  മുറിയില്‍ കൊണ്ടുപോവാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ അകത്തു കയറി.
ഉപ്പയിത്ത വേറൊരു  മുറിയില്‍  ആശുപത്രിയില്‍  കണ്ട അതേ അവസ്ഥയില്‍ കിടക്കുന്നു.
കട്ടിലിന്റെ മുമ്പിലുള്ള കസേരയില്‍ ഞാന്‍ ഇരുന്നു. ഉപ്പയിത്താനെ ഞാന്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. ട്യൂബിലൂടെ മാത്രമുള്ള ദ്രാവക രൂപത്തിലുള്ള ഭക്ഷണം അവരെ ഏറെ ക്ഷീണിപ്പിച്ചിരിക്കുന്നു. കണ്ണുകള്‍  പിന്നെയും കുഴിയിലാണ്ടിരിക്കുന്നു. കവിളുകള്‍ ഏറെ ഒട്ടിപ്പോയിരിക്കുന്നു.
അവരുടെ  നീണ്ടു മെലിഞ്ഞ കൈ  മെല്ലെ ഞാന്‍  എന്റെ കൈകളിലെടുത്തു. ഉപ്പയിത്ത കണ്ണ് തുറന്നു ഉക്കു എന്ന് വിളിക്കുന്നത്‌  കേള്‍ക്കാന്‍ എന്റെ മനസ്സ് കൊതിച്ചു.  എന്റെ മനസ്സില്‍ നിന്നും  ഒരു വിളിയുയര്‍ന്നു. "ഉപ്പയിത്താ..ഇത് ഞാനാ ഇക്കു " അത് ശബ്ദമായി പുറത്തേക്കൊഴുകി. അതവരുടെ കാതിലൂടെ ഹൃദയത്തില്‍ കൊണ്ടുവോ? അവരുടെ കൈ അനങ്ങി. എന്റെ കൈകള്‍ അവര്‍  മുറുക്കി പിടിച്ചു. അടഞ്ഞ മിഴികള്‍  ഇളകാന്‍  തുടങ്ങി.  മുഖത്ത്  എന്തൊക്കെയോ  ഭാവങ്ങള്‍ വിരിയുന്നു. 
.....തീര്‍ന്നു. നിമിഷങ്ങള്‍ മാത്രം. എല്ലാ ചലനങ്ങളും അവസാനിച്ചു....
എന്ടടുത്തു നിന്ന ഉപ്പയിത്താടെ മോള്‍ സന്തോഷത്തോടെ വിളിച്ചു കൂവി. ഉമ്മ അനങ്ങി. അബോധാവസ്ഥയിലായതിനു  ശേഷമുള്ള ആദ്യത്തെ ചലനം. ഞാന്‍ കുറെ നേരത്തേക്ക് സ്തബ്ധനായിരുന്നു. അബോധാവസ്ഥയില്‍  പോലും എന്റെ ശബ്ദം  തിരിച്ചറിഞ്ഞു  പ്രതികരിക്കുന്ന സ്നേഹം. ഈ സ്നേഹത്തെ ഞാന്‍ എന്ത്  പേരിട്ടു  വിളിക്കണം.  എന്തിനെന്നെ  ഇങ്ങനെ സ്നേഹിക്കുന്നു  ഉപ്പയിത്താ....  ഞാന്‍ ബാല്യകാലത്ത് തന്നെ  ബാപ്പയും ഉമ്മയും നഷ്ട്ടപ്പെട്ട  യത്തീം ആയതുകൊണ്ടാണോ, അല്ലേല്‍ നിങ്ങളുടെ പ്രിയപ്പെട്ട ആങ്ങളയുടെ മകനായതുകൊണ്ട് മാത്രമോ... മറ്റെന്താണെന്നിലുള്ളത് ഇത്ര സ്നേഹിക്കപ്പെടുവാന്‍...???
 
ഞാന്‍ ദുബായില്‍ തിരിച്ചെത്തി ഒരു മാസത്തിനു  ശേഷം  പെങ്ങളുടെ  ഫോണ്‍ "നമ്മളെ ഉപ്പയിത്ത പോയെടാ..." എന്റെ ജീവിതത്തിന്റെ ഒരു കാലഘട്ടം അവസാനിച്ചു..

  ഈ ആധുനിക കാലഘട്ടത്തില്‍ ഇത്ര മാത്രം നിസ്സ്വാര്തമായ സ്നേഹം‍ കാഴ്ച വെക്കാന്‍ കഴിയുന്ന മനസ്സുള്ളവര്‍ എത്ര പേരുണ്ടാവും?  

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

ഇളയ മകള്‍

അമ്മാവന്റെ വീട്ടിലെ മുറ്റത്തു ‍ നിന്നും അകത്തേക്ക് കയറിയപ്പോള്‍, എന്തോ ഒരു മോശമായ ഗന്ധം മൂക്കില്‍ അടിച്ചുകയറി. മൂക്ക് ഒന്നുകൂടി ആഞ്ഞു വലിച്ചു. അതെ എന്തോ സംഭവിച്ചിട്ടുണ്ട്. മൂക്ക് വിടര്‍ത്തി  ഗന്ധത്തിന്റെ  ഉറവിടം തേടി അകത്തളത്തു നിന്നും ഓരോ മുറിയിലും ഞാന്‍ കയറിയിറങ്ങി. രോഗിയായ അമ്മാവന്റെ മുറിയിലെത്തിയപ്പോള്‍ ഗന്ധത്തിന്റെ  ശക്തി കൂടി. ഇവിടെ തന്നെ. ഉറവിടം പിടി കിട്ടി. വാത രോഗം പിടിപെട്ടു മാസങ്ങളായി അദ്ദേഹം കട്ടിലില്‍ തന്നെയായിരുന്നു. അത്യാവശ്യം ഒന്നിനും രണ്ടിനും  പോവാന്‍ ആരുടേയെങ്കിലും സഹായത്തോടെ എഴുന്നേല്‍ക്കും .
ഇപ്പഴദ്ദേഹം അതാ മുറിയിലെ അറ്റാച്ചട് ‌കക്കൂസിന്റെ വാതിന്നരികിലുള്ള ചുമരില്‍ ചാഞ്ഞു നില്‍ക്കുന്നു. ഒന്നും രണ്ടും മുറിയില്‍  തന്നെ നടത്തിയിട്ടുണ്ട്. എന്നെ കണ്ടതും ഒരു നിസ്സഹായതയുടെ ഭാവം അദ്ദേഹത്തിന്‍റെ മുഖത്തു നിറഞ്ഞു.
"ഒത്തിരി  നേരായി  വിളിക്കുന്നു...ആരും വന്നില്ല. അവസാനം ഞാന്‍ തന്നെ എഴുന്നേറ്റു  നടന്നു. പക്ഷെ... "
പാവം. അദ്ദേഹത്തിന്‍റെ നിസ്സഹായതോടെയുള്ള ആ ക്ഷമ ചോദിക്കല്‍ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. മനുഷ്യന് ആരോഗ്യം നഷ്ട്ടപ്പെട്ടു മറ്റുള്ളവരുടെ സഹായത്തിനായി നിസ്സഹായതോടെ നോക്കി നില്‍ക്കുന്നതിലും ഭേദം മരണമാണ്.
" എന്താ ഇവിടെ...എന്താ മണം ഇവിടെ.." അദ്ദേഹത്തിന്‍റെ മകന്റെ ഭാര്യ ഒച്ചയുണ്ടാക്കി മുറിയിലെത്തി. ഒന്നും രണ്ടും കണ്ടപ്പോള്‍ ഒച്ച കൂടി.
" അയ്യോ  എന്താ ഇത്..ചെറിയ കുട്ടികളെപ്പോലെ.. എനിക്കിത് കാണാന്‍ വയ്യ. ഞാന്‍ പുറത്തു പോവാന്‍ ഇറങ്ങുകയായിരുന്നു. അമ്മ വരുന്നത് വരെ കാത്തുനില്‍ക്ക്".
അവര്‍ കൊച്ചു മകന്റെ കയ്യും പിടിച്ചു പുറത്തേക്കോടി.

    ഞാന്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം ചുമരില്‍ തല ചായ്ച്ചു  കണ്ണടച്ച് നില്‍ക്കയായിരുന്നു. കണ്ണില്‍ നിന്നും നീര്‍ ഒലിച്ചിറങ്ങി നരച്ച  താടിരോമങ്ങളെ  നനച്ചിരുന്നു. ആരോഗ്യമുള്ളപ്പോള്‍ എത്ര അഭിമാനത്തോടെ ജീവിച്ച മനുഷ്യന്‍. എല്ലാവരും എത്ര ബഹുമാനത്തോടെയും സ്നേഹത്തോടെയായിരുന്നു  പെരുമാറിയിരുന്നത്. നല്ല കാലത്ത് സ്വന്തം പേരിലുള്ള സ്വത്തുക്കള്‍  വീതം വെച്ചത്  ഇപ്പോള്‍ അദ്ദേഹത്തെ  അത്രമാത്രം  നിസ്സഹായനാക്കിത്തീര്‍ത്തിരിക്കുന്നു . 
 
മുറിയിയുടെ ‍ വാതില്‍ക്കല്‍ വലിയ ശബ്ദത്തോടെ മൂത്ത മകള്‍‍.
"എന്താ അച്ഛാ ഇത്? ചേട്ടന്ടെ ആള്‍ക്കാരെ കണ്ടില്ലേ അച്ഛാ..  ഇത്തിരി  നേരം കൂടി കാത്തുനിന്നാല്‍ അമ്മയിങ്ങെത്തുമായിരുന്നില്ലേ?"  മുറിയുടെ വാതില്‍ വലിച്ചടച്ചുകൊണ്ട് അവരും  പോയി.

"സാരമില്ല ഞാന്‍ സഹായിക്കാം" ഞാന്‍ അദ്ദേഹത്തിനടുത്തെക്ക് നീങ്ങി.
പെട്ടെന്ന് അടച്ച വാതില്‍ തുറന്നു ഒരു കുഞ്ഞു ശബ്ദം.
"എന്താ അച്ഛാ പറ്റിയത്?" പുഞ്ചിരിയോടെ അദ്ദേഹത്തിന്‍റെ ഇളയ മകള്‍. എട്ടാം ക്ലാസ്സുകാരി. അവളെ കണ്ടതും അദ്ദേഹത്തിന്‍റെ മുഖം വിടര്‍ന്നു.
" സാര്യല്ലച്ച്ചാ, വരൂ ഞാന്‍ കക്കൂസ്സില്‍ കൊണ്ടാക്കാം."
അവള്‍ അദ്ദേഹത്തിന്‍റെ കൈ പിടിച്ചു കക്കൂസ്സില്‍ ‍ കൊണ്ടുപോയിരുത്തി. മുറിക്കു പുറത്തു പോയി കുറെ തുണികളുമായി വന്നു. നിലത്തുള്ള എല്ലാ കച്ചറകളും എടുത്തു വെളിയിലേക്ക് പോയി. വീണ്ടും തുണികളുമായി വന്നു നിലത്തിരുന്നു തുടച്ചു വൃത്തിയാക്കുന്ന കാഴ്ച എന്റെ കണ്ണില്‍ വെള്ളം നിറച്ചു.....എന്തേ ഇങ്ങനെയുള്ള മനസ്സുകള്‍ ദൈവം എല്ലാവര്‍ക്കും നല്‍കിയില്ല.
"കഴിഞ്ഞോ അച്ഛാ..." കക്കൂസിന് പുറത്തു നിന്നും അവള്‍ ചോദിച്ചു..
"കഴിഞ്ഞു മോളെ.." അവള്‍ അദ്ദേഹത്തെ ചുമലില്‍ താങ്ങി കട്ടിലിനടുത്തേക്ക് നടന്നു നീങ്ങി....
വികലമായ മനസ്സുകള്‍ നിറഞ്ഞു നില്‍ക്കുന്ന  ഈ ലോകത്ത് നല്ല മനസ്സുകളെ കുറച്ചെങ്കിലും ദൈവം സൃഷ്ടിചിട്ടില്ലായിരുന്നെങ്കില്‍ ലോകക്രമം  എന്താകുമായിരുന്നു?   

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

നോമ്പ് കാലം പടിയിറങ്ങി

നോമ്പ് പടിയിറങ്ങി.. പടി വാതുക്കല്‍ നിന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് കണ്‍വെട്ടത്തു നിന്ന് മറയുന്നത് വരെ ഞാന്‍  നോക്കിനിന്നു...മനസ്സ് വിങ്ങുന്നു... ഒരു മാസ്സക്കാലം ഓരോ നിമിഷങ്ങളിലും എന്നോടൊപ്പം കഴിച്ചുകൂട്ടിയ എന്റെ എല്ലാമെല്ലാമായി മാറിയ പരിശീലകന്‍ യാത്രയായി .......നാട്ടില്‍ നിന്നും ഒരുമാസക്കാലം കഴിച്ചുകൂട്ടി തിരിച്ചുപോവുന്ന ഗള്‍ഫുകാരന്റെ പ്രിയപ്പെട്ടവരെപ്പോലെ എന്റെ മനസ്സ് തേങ്ങുന്നു ....


പക്ഷെ എന്റെ പ്രിയപ്പെട്ട പരിശീലകാ...നിന്റെ തിരിച്ചുപോക്ക് എന്നെ വേദനിപ്പിക്കുന്നുന്ടെങ്കിലും നിന്റെ സാന്നിധ്യം എന്നിലുണ്ടാക്കിയ മാറ്റം എത്രത്തോളമാണെന്നരിയുമ്പോള് നിന്റെ വരവ് ഒരു ആവശ്യം തന്നെയായിരുന്നു എന്ന് ഞാനറിയുന്നു. എന്നെപ്പോലുള്ള ഓരോ മനുഷ്യര്‍ക്കും നിന്റെ വരവ് നിര്‍ബന്ധം തന്നെയായിരുന്നു. ആ വരവ് കൊണ്ട് തന്നെ സ്വന്തം ഇച്ഛകളെ അടിച്ചമര്‍ത്തി ഓരോ വ്യക്തികളും സ്വയം സംസ്ക്കരിക്കപ്പെട്ടല്ലോ. അതിലൂടെ കുടുംബവും സമൂഹവും സംസ്ക്കാരത്തിന്റെ ഉന്നതാവസ്ഥയില്‍ എത്തിപ്പെടാനും സമാധാനവും സന്തോഷവും എങ്ങും കളിയാടാനും ‍ ഇടയായല്ലോ.

നിന്റെ വരവ് എന്നെ ഭൂമിയില്‍ സൂഷ്മതയോടെ ജീവിക്കാന്‍ പരിശീലിപ്പിക്കാനാണെന്ന് നിന്നെ അയച്ച സൃഷ്ട്ടാവ് നേരത്തെ അവന്റെ ദൂതനിലൂടെ അറിയിച്ചിരുന്നത് കൊണ്ട് ഞാന്‍ എല്ലാ തയ്യാറെടുപ്പുമായായിരുന്നു നിന്നെ കാത്തിരുന്നത്. നീ എന്നോടൊപ്പമുള്ള ആദ്യ പരിശീലന ദിവസം, പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുമ്പോള്‍ എന്റെ കൈയെത്തും ദൂരത്തു തന്നെ രുചിയേറിയ ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് ‌ ശ്രദ്ധിക്കാതെ പരിശീലിക്കുകയായിരുന്നു. വിശപ്പ്‌ എങ്ങിനെ തരണം ചെയ്യാം. കാരണം ദാരിദ്ര്യം ഏതു നിമിഷവും എന്നിലേക്ക്‌ കയറിവരാം. അത് എന്റെ നിയന്ത്രണത്തില്‍പ്പെട്ടതല്ലല്ലോ. അതോടൊപ്പം ഞാനറിയുകയായിരുന്നു ലോകത്ത് നാനാ ഭാഗങ്ങളില്‍ പട്ടിണി കിടന്നു മരിക്കുന്നവരുടെ വേദനകള്‍. ആ ഒരു ചിന്ത മാത്രം എന്റെ കടുത്ത മനസ്സിനെ എത്ര മാത്രം നിര്‍മ്മാലമാക്കിത്തീര്‍ത്തുവെന്നു നീയറിഞ്ഞുവോ?

ആ പകലുകളില്‍ എന്റെ ഇണ തൊട്ടരികിലുണ്ടായിരുന്നു. പക്ഷെ ഞാന്‍ വികാരത്തോടെ ദൂരെ നിന്ന് നോക്കി കാത്തിരിപ്പായിരുന്നു സൂര്യന്‍ അസ്തമിക്കും വരെ. ഞാന്‍ പരിശീലിക്കയായിരുന്നു എന്റെ വികാരം എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താമെന്നു.

ജോലിയിടങ്ങളിലും ചന്തകളിലും എന്നെ കോപാവിഷ്ട്ടനാക്കുന്ന പല കാര്യങ്ങളും നടന്നു. പക്ഷെ എന്റെ പരിശീലകന്‍ എന്നെ കോപം നിയന്ത്രിക്കാന്‍ പഠിപ്പിച്ചു. എന്നോട് വാക്ക് തര്‍ക്കത്തിന് വന്നവരോടും ഞാന്‍ പറഞ്ഞു എന്റെ കൂടെ പരിശീലകനുണ്ട്. ഞാന്‍ നോമ്ബുകാരനാണ്.

കൂട്ടുകാരുടെ ഇടയില്‍ നാട്ടുകാര്യങ്ങള്‍ സംസ്സാരിക്കുമ്പോള്‍ അവിടെ ഇല്ലാത്ത പലരുടെയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു ഞാന്‍ എല്ലാവരെക്കാള്‍ നല്ലവനാണെന്ന് കാണിക്കാന്‍ എന്റെ മനസ്സു വെമ്പുന്നുണ്ടായിരുന്നു. പക്ഷെ നീ ‍ എന്നെ തടസ്തം ചെയ്തു. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയരുത്. നിന്റെ നാവിനെ നീ നിയന്ത്രിക്കുക.

എന്റെ അനുവദനീയമല്ലാത്ത നോട്ടത്തെയും, വികലമായ ചിന്തയേയും നിയന്ത്രിക്കാന്‍ നീയെന്നെ പഠിപ്പിച്ചു...

അന്ത്യയാമങ്ങളില്‍ ശീതീകരിച്ച മുറിയിലെ സുഖനിദ്രയില്‍ നിന്നും, സുഖത്തെയും നിദ്രയേയും അവഗണിച്ചു കൊണ്ട്, എഴുന്നേറ്റു എന്നെയും ഈ ലോകത്തെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ സ്തുതിക്കാനും, മനുഷ്യനായത് കൊണ്ട് പറ്റുന്ന തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയാനും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞു പശ്ചാത്തപിക്കാനും ഈ ലോകത്തും അടുത്ത ലോകത്തും വിജയം ലഭിക്കാനും അങ്ങിനെ നന്ദിയുള്ളവനാവാനും, എങ്ങിനെ ഉറക്കത്തെ നിയന്ത്രിക്കാമെന്നും എന്നെ പരിശീലിപ്പിച്ചു.

ദരിദ്ര ജനങ്ങളുടെയിടയില്‍ നീ എന്നെ കൈപ്പിടിച്ച്‌ കൊണ്ടുപോയി. അവരുടെ അവസ്ഥ അറിയിച്ചു തന്നു, എന്നെ ഏറെ ചിന്തിപ്പിച്ചു. ‍ ഒത്തിരി നൊമ്പരപ്പെട്ട എന്റെ മനസ്സ് ഇത്തിരിയുള്ള സമ്പാദ്യത്തില്‍ നിന്നും അവര്‍ക്ക് സകാത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും   സഹായം നല്‍കാന്‍ പരിശീലിപ്പിച്ചതും നീ തന്നെയല്ലേ ?

ഒരു മാസം മുമ്പുള്ള എന്റെ അവസ്ഥയുടെ അന്തരം ഇന്ന് ഞാനറിയുന്നു. ഇസ്ലാമിന്റെ 5 സ്തംഭങ്ങളില്‍ ഒന്ന് മാത്രമായ, നിന്റെ പരിശീലനം കൊണ്ട് ഞാനിന്ന് സംസ്ക്കാരമുള്ള പച്ചയായ മനുഷ്യനായിരിക്കുന്നു.

ഇനി 11 മാസക്കാലം നിന്റെ പരിശീലനത്താല്‍ ലഭിച്ച കഴിവുകളുമായി സ്വന്തം ഇച്ഛകളെ ‍ അടിച്ചമര്‍ത്തി ക്ഷമയും സഹനവും എന്നും കൂടെക്കൂട്ടി ബലിഷ്ടമായ ഒരു മനസ്സുമായി എല്ലാ പ്രേരണകളേയും പ്രലോഭനങ്ങളെയും പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ട് ദൈവം നിര്‍ദ്ദേശിച്ച നിയമങ്ങളുമായി ജീവിതം നയിക്കണം. അവിടെയാണ് എന്റ പരിശീലനത്തിന്റെ വിജയം. ഓരോ മനുഷ്യരുടേയും വിജയം. 

11 മാസങ്ങള്‍ക്ക് ശേഷം നീ വീണ്ടും പരിശീലനക്കളരിയില്‍ ‍ എത്തുമെന്നറിയാം, പഴയ പിശാചിന്റെ സംസ്ക്കാരത്തിലേക്ക് വീണു പോവുന്നവരെ തിരിച്ചു കൊണ്ടുവരാന്‍...
നിന്നെ അയച്ച സൃഷ്ട്ടാവ് അതുവരെ ജീവിക്കാനുള്ള അവസരം തന്നെങ്കില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം..

എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍....

തിങ്കളാഴ്‌ച, ജൂലൈ 25, 2011

സൂപ്പര്‍ ‍നക്ഷത്രങ്ങള്‍

ഭൂമിയില്‍ ജീവിക്കുന്ന സൂപ്പര്‍ നക്ഷത്രങ്ങളെ... ഭൂമിക്കു മീതെ ആകാശത്തിലെക്കുയര്‍ന്നു നില്‍ക്കുന്ന വന്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കിയും  സ്വന്തം ഭൂമിയുടെ വിസ്തൃതി  വര്‍ദ്ധിപ്പിച്ചും നിങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തുവോ ഒരു പറ്റം പാവങ്ങള്‍ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചു വൈകുന്നേരങ്ങളില്‍ ഇത്തിരി ആശ്വാസത്തിന് നിങ്ങള്‍  കാണിച്ചിരുന്ന ഗോഷ്ട്ടികള്‍ കാണാന്‍ വരുമ്പോള്‍ തരുന്ന ദുട്ടുകളായിരുന്നു നിങ്ങളുടെ സമ്പാദ്യത്തിന് പിന്നിലെന്ന്?
ഈയടുത്ത കാലം മുതല്‍ നിങ്ങളില്‍  ഒരു നക്ഷത്രം രാവിലെയാവുമ്പോള്‍   വിഡ്ഢിപ്പെട്ടിക്കുള്ളില്‍  ഇരുന്നുകൊണ്ട് പറയാന്‍ തുടങ്ങിയില്ലേ? ബ്യൂട്ടി  ക്വാളിറ്റിയെ  കണ്ടുമുട്ടും. വരൂ മലബാറിലേക്ക്  ഞാന്‍  നിങ്ങള്ക്ക് ക്വാളിറ്റിയുള്ള  ബ്യൂട്ടിയുണ്ടാക്കി തരാം. ഞങ്ങള്‍  വിശ്വസിച്ചു. വന്നു.ക്വാളിറ്റിയുള്ള  ബ്യൂട്ടിയുമായി വീട്ടിലെത്തുമ്പോള്‍ താങ്കള്‍ അതാ വീണ്ടും വിഡ്ഢിപ്പെട്ടിയില്‍‍. ആ ബ്യൂട്ടി  ഇങ്ങട്ട് തന്നേര്. ഒത്തിരി കാശ് തരാം. മാസത്തില്‍ ഇത്തിരി പലിശ കൊടുത്താല്‍   മതി. വിശ്വസിച്ചു. താങ്കള്‍ പറഞ്ഞിടത്ത് ചെന്ന് ബ്യൂട്ടി കൊടുത്തു കാശ്  വാങ്ങി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടുമതാ ചോദ്യം. വൈകിട്ടെന്താ പരിപാടി? ശ്ശൊ എനിക്ക് വയ്യാ. ബ്യൂട്ടി പണയം വെച്ച കാശുണ്ട് കയ്യില്‍. പിന്നെയെന്താ ചിന്തിക്കാന്‍. താങ്കള്‍ പറഞ്ഞ പരിപാടി തന്നെ.  സന്ധ്യ   ആവുമ്പോഴേക്കും ബ്യൂട്ടിയും  പോയി കാശും തീര്‍ന്നു. വൈകീട്ടത്തെ പരിപാടി  കൊണ്ട്  കുടുംബത്തിലെ സമാധാനവും നശിച്ചു. ഇങ്ങനെയൊക്കെ താങ്കളെ വിശ്വസിച്ച  ഞങ്ങളെ വഞ്ചിക്കരുതായിരുന്നു. ഞങ്ങള്‍ നിങ്ങളുടെ ചിലവിനായി കീശയിലിട്ടു തരുന്ന വരുമാനത്തിന് ചുങ്കം വാങ്ങുന്നവര്‍ക്ക് കൃത്യമായി   കൊടുത്തിരുന്നേല്‍ ഞങ്ങളുടെ വിശ്വാസം ഏറുമായിരുന്നു. ആ ചുങ്കം കൊണ്ടല്ലേ സര്‍ക്കാര്‍ നമ്മള്‍ പാവം ജനങ്ങളെ സേവിക്കുന്നതും. കോടികള്‍  കുന്നുകൂടിയപ്പോള്‍ ഒക്കെ മറന്നുവല്ലേ.
പക്ഷെ നമ്മള്‍ക്ക് മറക്കാനാവുമോ?
താങ്കള്‍ അന്ന് ഗാന്ധി നഗറില്‍ ഗൂര്ഖ്‌യായി വന്നപ്പം നമ്മള്‍ എത്ര സ്നേഹത്തോടെ സ്വീകരിച്ചു.  M .A ഡിഗ്രിയുമായി ടി.പി .ബാലഗോപാലനായി വന്നപ്പോള്‍ നമ്മള്‍ എത്ര സന്തോഷിച്ചു. ദശരഥത്തിലിരുന്നു കൊണ്ട് താങ്കള്‍ സുകുമാരി ചേച്ചിയോട് ചോദിച്ചില്ലേ...നിങ്ങള്ക്ക് എന്റെ അമ്മയാവാന്‍ പറ്റുമോ എന്ന്.. അതിപ്പഴും മനസ്സിലുണ്ട്.മറക്കാനാവുമോ അത്.  പിന്നെ കുറെ അനാഥ ഉണ്ണികളുമായി  വന്നു ഒരു കഥ പറഞ്ഞുകൊടുത്തപ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു.
അങ്ങിനെയുള്ള എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങള്‍... 
മെഗാ നക്ഷത്രമേ.....  കാണാമറയത്ത് നിന്ന് ഒരനാഥയെ സംരക്ഷിച്ചപ്പോള്‍ താങ്കളുടെ വിശാലമനസ്ഥിതി ഞങ്ങള്‍ പ്രശംസിച്ചു. വാത്സല്യം നിറഞ്ഞ ഒരു ചേട്ടനായപ്പോള്‍ താങ്കളുടെ രക്ത ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള സഹനശക്തി അറിഞ്ഞു. ഒരു C . B .I കുപ്പായമിട്ട് സത്യം തെളിയിക്കാന്‍ വന്നപ്പോഴും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ മുഖം മൂടി അഴിച്ചുമാറ്റുന്ന കലക്ടര്‍ കിംഗ്‌ ആയി മാറുന്നത് കണ്ടപ്പോളും താങ്കള്‍ ഈ യതാര്‍ത്ഥ ലോകത്ത് എന്നും ജീവിചിരുന്നെങ്കിലോ എന്നോര്‍ത്തു പോയിരുന്നു.
പക്ഷെ ഇന്ന് ഞങ്ങള്‍ അറിഞ്ഞു.  നിങ്ങളുടെ  യതാര്‍ത്ഥ  മുഖം ഇതിലൊന്നുമുണ്ടായിരുന്നില്ല. സാധാരണക്കാരായ ഞങ്ങള്‍ക്ക് കാണാവുന്നതിനുമെത്രയോ ഉയരത്തിലാണ് ആ മുഖം. ബുര്‍ജ് ഖലീഫയുടെ ഉയരത്തില്‍, അല്ലേല്‍ കണ്ണെത്താ ദൂരത്തു നീണ്ടു കിടക്കുന്ന സ്വന്തം ഭൂമിക്കപ്പുറത്തു......... 
  നമ്മുടെ പ്രിയപ്പെട്ട നക്ഷത്രങ്ങളെ ഞങ്ങള്‍ അന്യ ദേശത്തു നോക്കി അസൂയപ്പെടുകയാണ്. ഇത്ര ഉന്നത പദവിയില്‍ കഴിയുമ്പോഴും പാവപ്പെട്ട  ജനങ്ങളുടെയിടയില്‍ ജീവിക്കുന്ന രജനി സാറിനെയും വരുമാന നികുതിക്കാരുടെ അവാര്‍ഡു വാങ്ങിയ കമല്‍ സാറിനെയും നോക്കികൊണ്ട്‌.      ‍      
  
ഇത്രയേറെ സ്നേഹിച്ച ഞങ്ങളെ വഞ്ചിക്കരുതായിരുന്നു.