വ്യാഴാഴ്‌ച, ജനുവരി 12, 2012

സമ്പാദ്യം

"പണം ധാരാളം തന്നിട്ടുണ്ട്. പക്ഷെ സ്നേഹം എന്ന ഒന്ന് ഉപ്പ ഇതുവരെ തന്നിനോ." മകന്റെ കനപ്പിചുള്ള  ശബ്ദം ചെവിയില്‍ മുഴങ്ങുന്നു. തല സീറ്റിന്റെ പിന്നിലേക്ക്‌ ചായ്ച്ചു കണ്ണുകള്‍ അടച്ചു കിടന്നു. മനസ്സില്‍  കാര്‍മേഘം ഇരുണ്ടുകൂടിയിരിക്കുന്നു.  ഇടയ്ക്കു കണ്ണിലൂടെ ചാറ്റല്‍ മഴ പെയ്യുന്നുണ്ട്. പൂര്‍ണ്ണമായും  പെയ്യുന്നതിനു മുമ്പ് ഇടിമുഴക്കം വന്നേക്കുമോ  എന്ന ഭയം സ്വയം നിയന്ത്രിക്കാന്‍ മനസ്സ് മന്ത്രിച്ചു. കണ്ണ് തുറന്നു അടുത്ത സീറ്റിലെ യാത്രക്കാരനെ  ഒളികണ്ണിട്ടു  നോക്കി. വിമാനം പറക്കുന്നതിന് മുമ്പ് തന്നെ നാടിന്റെ മണ്ണില്‍ കാലു കുത്തിയെന്ന് തോന്നിപ്പിച്ചു  അയാള്‍ടെ മുഖഭാവം. 
വിമാനം പറന്നുയര്‍ന്നപ്പോള്‍  കുഞ്ഞു  ജനലിലൂടെ പുറത്തേക്ക് നോക്കി. താഴെ മനോഹരമായി സ്ട്രീറ്റ് ലൈറ്റ് കൊണ്ട് ചിത്രം വരച്ച ദുബായ് പട്ടണം.  വിട. എന്റെ പ്രിയപ്പെട്ട ദുബായ്. വിട.  ഇനി ഈ ഭൂമിയില്‍ എന്റെ കാല്‍പ്പാടുകള്‍ അന്യമാവുന്നു. എന്റെ നിശ്വാസത്തില്‍ ഈ അന്തരീക്ഷത്തിലെ ഗന്ധം  ഇനിയുണ്ടാവില്ല. എന്റെ നെടുവീര്‍പ്പുകളെ പുണരാന്‍ ഇനി ഈ അത്യുഷ്ണം നിറഞ്ഞ അന്തരീക്ഷവുമില്ല ......  അര നൂറ്റാണ്ടിനടുത്തു അന്നംതന്ന കൊച്ചു രാജ്യമേ എല്ലാത്തിനും നന്ദി. ഒരു സ്വദേശിയെപ്പോലെ  എല്ലാം അനുഭവിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയ ഈ മരുഭൂമിയിലെ രാജാവിനും  പ്രജകള്‍ക്കും പ്രണാമം. 
കണ്ണുകള്‍ വീണ്ടും അടച്ചു. മകന്റെ ശബ്ദം വീണ്ടും. "എനിക്കാ  കുട്ടിയെ ഇഷ്ട്ടാണ്. അവള്‍ എനിക്ക് സ്നേഹം തന്നു. അവളുടെ ജാതിയൊന്നും ഞാന്‍ നോക്കിയില്ല. എനിക്കവളില്ലാതെ വേറൊരു ജീവിതമില്ല." എന്റെ മുമ്പില്‍ തലയുയര്‍ത്തി നിന്ന് സംസാരിക്കാത്ത അവന്റെ ഉറച്ച വാക്കുകള്‍ മനസ്സില്‍ തന്നെ കൊണ്ടു.
"എങ്കില്‍ നീ അവളുടെ കൂടെ കഴിഞ്ഞോളൂ, നിനക്കിങ്ങനെയൊരു ഉപ്പയുമില്ല" അത്ര കടുപ്പിച്ചു പറയേണ്ടായിരുന്നു. പക്ഷെ ഞാന്‍ സിറാജിന്റെ മകള്‍ക്ക് വേണ്ടി കൊടുത്ത വാക്കോ? കോടികള്‍ ആസ്തിയുള്ള ബിസിനെസ്സ്കാരനാണ്  അവന്‍. 
     
മുപ്പത്തിമൂന്നു  വര്‍ഷങ്ങള്‍ക്കു മുമ്പാണ് മരുഭൂമിയില്‍ എത്തിയത്.  അത്യുഷ്ണവും കഠിന തണുപ്പും സഹിച്ചുള്ള  ജീവിതം. നാട്ടിലുള്ള സഹോദരിമാരെ കെട്ടിക്കാന്‍ പല വേഷങ്ങള്‍ കെട്ടി പണം സമ്പാദിച്ചു. അതിനിടയില്‍ കിട്ടിയ  സര്‍ക്കാരുദ്യോഗം വലിയ  സ്വപ്‌നങ്ങള്‍ നല്‍കി. ഉദ്യോഗത്തിനനുസരിച്ചുള്ള പെണ്ണിനെ തന്നെ കെട്ടി. ആദ്യ കണ്മണി ആണാണെന്നറിഞ്ഞപ്പോള്‍  സന്തോഷം കൊണ്ട് തുള്ളിച്ചാടി. വാര്‍ദ്ധക്യത്തില്‍  തനിക്കു താങ്ങാവുമല്ലോ. പിന്നീടെന്നാണ്  പണത്തോടുള്ള ആര്‍ത്തി കൂടാന്‍  തുടങ്ങിയത്. കൂടെ ജോലി ചെയ്യുന്ന ജോസെഫിന്റെ നാട്ടിലെ കെട്ടിടങ്ങളുടെ എണ്ണം കൂടുന്നത് കണ്ടപ്പൊഴോ? അല്ലേല്‍ മോയിതീന്റെ  കച്ചവടം പൊടിപൊടിക്കുന്നത് കണ്ടിട്ടോ? കുടുംബത്തെ  കൂടെ നിര്‍ത്താനുള്ള വരുമാനം  ഉണ്ടായിട്ടും ചിലവുകള്‍ ചിന്തിച്ചു അതിനു ശ്രമിച്ചില്ല. ബാങ്കിലെ ബാലന്‍സ് കൂടുന്നത് നോക്കി ആസ്വദിച്ചിരുന്ന  നിമിഷങ്ങള്‍.  വര്‍ഷത്തില്‍ മുപ്പതു ദിവസങ്ങള്‍ മാത്രം കാണുന്ന നാട്. ഭാര്യ, മകന്‍, രണ്ടാമത്തെ മകള്‍. തന്റെ സാമീപ്യം കൊണ്ട് മക്കളുടെ മനസ്സില്‍ ബാപ്പയുടെ രൂപം സൃഷ്ട്ടിക്കപ്പെടുംബോഴേക്കും തച്ചുടക്കുന്ന വേര്‍പ്പാടിന്റെ വേദന അറിയുന്ന മക്കള്‍. ആ വേദന മനസ്സിലായിട്ടും  എന്തേ തന്റെ മനസ്സ് പണത്തോടുള്ള ആര്‍ത്തിക്ക് അറുതി വരുത്തിയില്ല. പക്ഷെ താന്‍ മക്കളുടെ ഓരോ ആവശ്യങ്ങളും നിറവേറ്റിയില്ലേ. അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി. എന്താവശ്യങ്ങള്‍ക്കും പണം വലിചെടുക്കാവുന്ന  മെഷീന്റെ കാര‍ഡ്‌  തന്നെ അവര്‍ക്കൊരോരുത്തര്‍ക്കും നല്‍കിയില്ലേ? 
സേനഹമില്ലേല്‍  ഞാനിതൊക്കെ അവര്‍ക്ക് നല്കുമായിരുന്നോ? പക്ഷെ അവന്റെ ചോദ്യം. എനിക്ക് സഹിക്കാനാവുന്നില്ല. പക്ഷെ ഞാന്‍ മക്കളെക്കാള്‍ സ്നേഹിച്ചത് പണത്തെ തന്നെയല്ലേ? അങ്ങിനെ തോന്നിയപ്പോള്‍  മനസ്സില്‍ നടുക്കം അനുഭവപ്പെട്ടു. കഴിഞ്ഞ കാലഘട്ടത്തിലെ  ചിന്തകളെ ഒരു തുലാസില്‍ കൊള്ളിക്കാന്‍ ശ്രമിച്ചു. സ്നേഹവും പണവും ഓരോ ഭാഗങ്ങളില്‍. പണത്തിന്റെ ഭാഗം താഴുന്നത് കണ്ടപ്പോള്‍ മനസ്സ് പിളരുന്നതായി തോന്നി. മകന്റെ ചോദ്യത്തിന്റെ കാരണം ഇത് തന്നെയല്ലേ. മകന്റെ 22 വര്‍ഷത്തിലെ ജീവിതത്തില്‍ ഞാന്‍ കൂടെയുണ്ടായത്‌ വെറും 22 മാസങ്ങള്‍. 2 വര്ഷം തികച്ചു പോലും ഞാന്‍ അവന്റെ ജീവിതത്തില്‍ ഉണ്ടായില്ല. അവനു സേനഹവും ഉപദേശങ്ങളും നല്‍കി നല്ലൊരു വ്യക്തിത്വം വാര്‍ത്തെടുക്കേണ്ട  കാലഘട്ടത്തില്‍ നോട്ടുകെട്ടുകളുടെ എണ്ണം തികയ്ക്കുകയായിരുന്നില്ലേ ഞാന്‍. 
കമ്പനിയില്‍  രാജിക്കത്ത്  നല്‍കിയപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ ചോദിച്ചു. എന്ത് പറ്റി സര്‍. തല്ലിക്കൊന്നാല്‍ പോലും ജോലി ഒഴിവാക്കി പോവാത്ത  മാസശമ്പളം മോഹിച്ചു  കടിച്ചു  തൂങ്ങി കഴിയുന്ന എന്റെ രാജി ലോകാത്ഭുതങ്ങളില്‍ ഒന്നായി തന്നെയാനവര്‍ കണ്ടത്.  
"പണം ധാരാളം തന്നിട്ടുണ്ട്. പക്ഷെ സ്നേഹം എന്ന ഒന്ന് ഉപ്പ ഇതുവരെ തന്നിനോ." മകന്റെ ശബദം കേട്ടപ്പോള്‍ മറ്റൊന്നും ചിന്തിച്ചില്ല. ഇനിയെനിക്ക് പണം വേണ്ട. ഇനി എന്റെ മക്കള്‍. 25 വര്‍ഷങ്ങള്‍ക്കിടയില്‍  വെറും 2 വര്ഷം മാത്രം എന്നോടൊപ്പം  ജീവിച്ച  എന്റെ പ്രാണസഖി.  ഇനിയുള്ള ജീവിതം അവരോടൊപ്പം. ആ നിമിഷം തന്നെ രാജിക്കത്തെഴുതി  മേനേജരുടെ  മുറിയില്‍ എത്തിച്ചു.
വിമാനം താഴേക്കിറങ്ങുന്ന  അന്നൌന്‍സ്മെന്റ്  വന്നു. പച്ചപ്പ്‌ നിറഞ്ഞ താഴ്വര ജനലിലൂടെ വളരെ താഴെ കാണാന്‍ തുടങ്ങി. ഇനി മുതല്‍ എന്റെ ജീവിതത്തിന്റെ താഴ്വരയും  ഇത് പോലെ  പച്ചപ്പ്‌  നിറഞ്ഞതായിരിക്കില്ലേ?.
കാര്‍ വീട്ടിലേക്കുള്ള  മണ്പാതയില്‍ കടന്നപ്പോള്‍ രണ്ടു ഭാഗങ്ങളിലും  പൊടിപടലങ്ങള്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. ഇനി ഈ പൊടികളുമായി ഒട്ടിച്ചേര്‍ന്ന ജീവിതമാണെന്റെ മുമ്പില്‍ നീണ്ടുകിടക്കുന്നത്.  യാത്രയില്‍ അളിയന്‍ നൌഷാദിന്റെ  മൗനം എന്തോ ഒരു അപകടം സൂചിപ്പിക്കുന്നതായി തോന്നി. .
"എന്തേ നൌഷാദെ നീയൊന്നും മിണ്ടാത്തെ..?" 
"ഒന്നുമില്ല.."
കാര്‍ വീടിന്റെ മുറ്റത്തേക്കു കയറി...
ഉമ്മറത്ത് തറവാട്ടിലെ കാരണവര്‍ നില്‍ക്കുന്നുണ്ട്. എന്തേ പതിവില്ലാതെ  വരവേല്‍ക്കാന്‍ ഇവരെയൊക്കെ കാണുന്നത്.   കാരണവര്‍ക്ക്‌ കൈ കൊടുത്തു  വീടിനുള്ളിലേക്ക്  കയറി. കാരണവരുടെ മുഖത്ത് പതിവില്ലാത്ത  ഗൌരവം കാണുന്നുണ്ടല്ലോ......
അകത്താരെയും കാണാനില്ല. മുറിയിലേക്ക് വേഗം കയറി. മുറിയിലെ കസേരയില്‍ തന്റെ പ്രാണസഖി ഇരിക്കുന്നു. തന്നെ കണ്ടപ്പോള്‍ ഒരു ക്രൂദ്ധമായ  നോട്ടം നോക്കി മുഖം തിരിച്ചു കളഞ്ഞു. മുടിയൊക്കെ പാറിപറന്നു കളിക്കുന്നു.  സാരിത്തല  അഴിഞ്ഞു നിലത്തു വീണു കിടക്കുന്നു. ബ്ലൌസിന്റെ മേലെ മാറിടം പുറത്തു കാണുന്നു. എന്ത് പറ്റി ഇവള്‍ക്ക്. തന്നെ കണ്ടിട്ടും എന്തേ ഇവള്‍ എഴുന്നെല്‍ക്കാത്തത്. എന്തേ ഈ വേഷത്തില്‍. ഒരു ജീവച്ഛവം പോലെ? എന്റെ മക്കളെവിടെ?   
അളിയന്‍ പെട്ടികളുമായി  മുറിയില്‍ വന്നു. അളിയനെ പിടിച്ചു നിര്‍ത്തി ചോദിച്ചു..എന്ത് പറ്റിയെടാ ഇവള്‍ക്ക്..എനിക്കൊന്നും മനസ്സിലാവുന്നില്ല...?  
"അളിയന്‍ അറിഞ്ഞില്ലല്ലേ.. അളിയന്റെ മോന്‍ കഴിഞ്ഞാഴ്ച ആ തീയ്യത്തി പെണ്ണിന്റെ കൂടെ പോയി രജിസ്ടര്‍ കല്യാണം കഴിച്ചു..ഇപ്പം എവിടെയാ ഉള്ളതെന്ന് ആര്‍ക്കും അറിയില്ല. ...അളിയന്‍ നാട്ടില്‍ വരുന്നത് കൊണ്ടാ  അറിയിക്കാണ്ട് നിന്നത്.."
"..നോക്ക് അത് കേട്ട മുതല്‍  എന്റെ പെങ്ങള്‍ മനസ്സ് തെറ്റി പിച്ച് പേയും പറഞ്ഞു നടക്കയാ...ആരെ  കണ്ടാലും തിരിച്ചറിയുന്നില്ല. ..നിങ്ങളില്ലാത്ത ജീവിതത്തില്‍ അവനായിരുന്നു ഇവര്‍ക്ക് എല്ലാം...പക്ഷെ അവനും ഇട്ടേച്ചു പോയി..നിങ്ങളെ കെട്ടിയതാ എന്റെ പെങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്..നിങ്ങള്‍ ഒറ്റ ആളാ എന്റെ പെങ്ങളുടെ ജീവിതം നശിപ്പിച്ചത്..   "അവന്‍ വിറക്കുന്നുണ്ടായിരുന്നു ...
അവന്‍ വേഗം മുറിക്കു പുറത്തേക്കിറങ്ങുന്നതിനിടയില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു  ....."വേറൊന്നു  കൂടി  അറിഞ്ഞോ...നിങ്ങളെ മോളും ഒരു അചായനുമായി ലവ്വാ, അവനെ കെട്ടിയില്ലേല്‍ കെട്ടി തൂങ്ങുന്നാ അവളും പറയുന്നത്..."
ലോകം മുഴുവന്‍ കറങ്ങുന്നുവോ..താനില്ലാത്ത ലോകം എന്റെ ചുറ്റും കറങ്ങുന്നു..... മുറിയിലെ കട്ടിലില്‍ മെല്ലെ ഇരുന്നു...ഒരു നിമിഷം കൊണ്ട് താന്‍ സ്വപ്നം കണ്ട പച്ചപ്പുകള്‍ കരിഞ്ഞുണങ്ങി തീ കത്താന്‍ തുടങ്ങി.....നെഞ്ച് വല്ലാതെ വേദനിക്കുന്നു.. കൈകാലുകള്‍ തളരുന്നത് പോലെ...ഇടത്തെ നെഞ്ച് കൈകൊണ്ടു കൂട്ടിപിടിച്ചു...നീട്ടി വിളിച്ചു.."നൌഷാദെ..."ശബ്ദം പുറത്തേക്ക് വരുന്നില്ല..തന്റെ പ്രാണസഖി ക്രൂരമായി  തന്നെ നോക്കി ഇരിക്കുന്നു, താന്‍ അവളുമായി ശയിക്കേണ്ട കിടക്കയിലേക്ക് തന്നെ മറിഞ്ഞു ശരീരം നിശ്ചലമാവുന്നത് വരെ, തന്റെ ജീവിതം നശിപ്പിച്ചതിന്റെ പ്രതികാരമെന്നോണം.... 
ഓ തന്റെ  33 വര്‍ഷത്തെ സമ്പാദ്യം ഇനി....???!!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ