വര്‍ത്തമാന കാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വര്‍ത്തമാന കാലം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

നോമ്പ് കാലം പടിയിറങ്ങി

നോമ്പ് പടിയിറങ്ങി.. പടി വാതുക്കല്‍ നിന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് കണ്‍വെട്ടത്തു നിന്ന് മറയുന്നത് വരെ ഞാന്‍  നോക്കിനിന്നു...മനസ്സ് വിങ്ങുന്നു... ഒരു മാസ്സക്കാലം ഓരോ നിമിഷങ്ങളിലും എന്നോടൊപ്പം കഴിച്ചുകൂട്ടിയ എന്റെ എല്ലാമെല്ലാമായി മാറിയ പരിശീലകന്‍ യാത്രയായി .......നാട്ടില്‍ നിന്നും ഒരുമാസക്കാലം കഴിച്ചുകൂട്ടി തിരിച്ചുപോവുന്ന ഗള്‍ഫുകാരന്റെ പ്രിയപ്പെട്ടവരെപ്പോലെ എന്റെ മനസ്സ് തേങ്ങുന്നു ....


പക്ഷെ എന്റെ പ്രിയപ്പെട്ട പരിശീലകാ...നിന്റെ തിരിച്ചുപോക്ക് എന്നെ വേദനിപ്പിക്കുന്നുന്ടെങ്കിലും നിന്റെ സാന്നിധ്യം എന്നിലുണ്ടാക്കിയ മാറ്റം എത്രത്തോളമാണെന്നരിയുമ്പോള് നിന്റെ വരവ് ഒരു ആവശ്യം തന്നെയായിരുന്നു എന്ന് ഞാനറിയുന്നു. എന്നെപ്പോലുള്ള ഓരോ മനുഷ്യര്‍ക്കും നിന്റെ വരവ് നിര്‍ബന്ധം തന്നെയായിരുന്നു. ആ വരവ് കൊണ്ട് തന്നെ സ്വന്തം ഇച്ഛകളെ അടിച്ചമര്‍ത്തി ഓരോ വ്യക്തികളും സ്വയം സംസ്ക്കരിക്കപ്പെട്ടല്ലോ. അതിലൂടെ കുടുംബവും സമൂഹവും സംസ്ക്കാരത്തിന്റെ ഉന്നതാവസ്ഥയില്‍ എത്തിപ്പെടാനും സമാധാനവും സന്തോഷവും എങ്ങും കളിയാടാനും ‍ ഇടയായല്ലോ.

നിന്റെ വരവ് എന്നെ ഭൂമിയില്‍ സൂഷ്മതയോടെ ജീവിക്കാന്‍ പരിശീലിപ്പിക്കാനാണെന്ന് നിന്നെ അയച്ച സൃഷ്ട്ടാവ് നേരത്തെ അവന്റെ ദൂതനിലൂടെ അറിയിച്ചിരുന്നത് കൊണ്ട് ഞാന്‍ എല്ലാ തയ്യാറെടുപ്പുമായായിരുന്നു നിന്നെ കാത്തിരുന്നത്. നീ എന്നോടൊപ്പമുള്ള ആദ്യ പരിശീലന ദിവസം, പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുമ്പോള്‍ എന്റെ കൈയെത്തും ദൂരത്തു തന്നെ രുചിയേറിയ ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് ‌ ശ്രദ്ധിക്കാതെ പരിശീലിക്കുകയായിരുന്നു. വിശപ്പ്‌ എങ്ങിനെ തരണം ചെയ്യാം. കാരണം ദാരിദ്ര്യം ഏതു നിമിഷവും എന്നിലേക്ക്‌ കയറിവരാം. അത് എന്റെ നിയന്ത്രണത്തില്‍പ്പെട്ടതല്ലല്ലോ. അതോടൊപ്പം ഞാനറിയുകയായിരുന്നു ലോകത്ത് നാനാ ഭാഗങ്ങളില്‍ പട്ടിണി കിടന്നു മരിക്കുന്നവരുടെ വേദനകള്‍. ആ ഒരു ചിന്ത മാത്രം എന്റെ കടുത്ത മനസ്സിനെ എത്ര മാത്രം നിര്‍മ്മാലമാക്കിത്തീര്‍ത്തുവെന്നു നീയറിഞ്ഞുവോ?

ആ പകലുകളില്‍ എന്റെ ഇണ തൊട്ടരികിലുണ്ടായിരുന്നു. പക്ഷെ ഞാന്‍ വികാരത്തോടെ ദൂരെ നിന്ന് നോക്കി കാത്തിരിപ്പായിരുന്നു സൂര്യന്‍ അസ്തമിക്കും വരെ. ഞാന്‍ പരിശീലിക്കയായിരുന്നു എന്റെ വികാരം എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താമെന്നു.

ജോലിയിടങ്ങളിലും ചന്തകളിലും എന്നെ കോപാവിഷ്ട്ടനാക്കുന്ന പല കാര്യങ്ങളും നടന്നു. പക്ഷെ എന്റെ പരിശീലകന്‍ എന്നെ കോപം നിയന്ത്രിക്കാന്‍ പഠിപ്പിച്ചു. എന്നോട് വാക്ക് തര്‍ക്കത്തിന് വന്നവരോടും ഞാന്‍ പറഞ്ഞു എന്റെ കൂടെ പരിശീലകനുണ്ട്. ഞാന്‍ നോമ്ബുകാരനാണ്.

കൂട്ടുകാരുടെ ഇടയില്‍ നാട്ടുകാര്യങ്ങള്‍ സംസ്സാരിക്കുമ്പോള്‍ അവിടെ ഇല്ലാത്ത പലരുടെയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു ഞാന്‍ എല്ലാവരെക്കാള്‍ നല്ലവനാണെന്ന് കാണിക്കാന്‍ എന്റെ മനസ്സു വെമ്പുന്നുണ്ടായിരുന്നു. പക്ഷെ നീ ‍ എന്നെ തടസ്തം ചെയ്തു. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയരുത്. നിന്റെ നാവിനെ നീ നിയന്ത്രിക്കുക.

എന്റെ അനുവദനീയമല്ലാത്ത നോട്ടത്തെയും, വികലമായ ചിന്തയേയും നിയന്ത്രിക്കാന്‍ നീയെന്നെ പഠിപ്പിച്ചു...

അന്ത്യയാമങ്ങളില്‍ ശീതീകരിച്ച മുറിയിലെ സുഖനിദ്രയില്‍ നിന്നും, സുഖത്തെയും നിദ്രയേയും അവഗണിച്ചു കൊണ്ട്, എഴുന്നേറ്റു എന്നെയും ഈ ലോകത്തെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ സ്തുതിക്കാനും, മനുഷ്യനായത് കൊണ്ട് പറ്റുന്ന തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയാനും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞു പശ്ചാത്തപിക്കാനും ഈ ലോകത്തും അടുത്ത ലോകത്തും വിജയം ലഭിക്കാനും അങ്ങിനെ നന്ദിയുള്ളവനാവാനും, എങ്ങിനെ ഉറക്കത്തെ നിയന്ത്രിക്കാമെന്നും എന്നെ പരിശീലിപ്പിച്ചു.

ദരിദ്ര ജനങ്ങളുടെയിടയില്‍ നീ എന്നെ കൈപ്പിടിച്ച്‌ കൊണ്ടുപോയി. അവരുടെ അവസ്ഥ അറിയിച്ചു തന്നു, എന്നെ ഏറെ ചിന്തിപ്പിച്ചു. ‍ ഒത്തിരി നൊമ്പരപ്പെട്ട എന്റെ മനസ്സ് ഇത്തിരിയുള്ള സമ്പാദ്യത്തില്‍ നിന്നും അവര്‍ക്ക് സകാത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും   സഹായം നല്‍കാന്‍ പരിശീലിപ്പിച്ചതും നീ തന്നെയല്ലേ ?

ഒരു മാസം മുമ്പുള്ള എന്റെ അവസ്ഥയുടെ അന്തരം ഇന്ന് ഞാനറിയുന്നു. ഇസ്ലാമിന്റെ 5 സ്തംഭങ്ങളില്‍ ഒന്ന് മാത്രമായ, നിന്റെ പരിശീലനം കൊണ്ട് ഞാനിന്ന് സംസ്ക്കാരമുള്ള പച്ചയായ മനുഷ്യനായിരിക്കുന്നു.

ഇനി 11 മാസക്കാലം നിന്റെ പരിശീലനത്താല്‍ ലഭിച്ച കഴിവുകളുമായി സ്വന്തം ഇച്ഛകളെ ‍ അടിച്ചമര്‍ത്തി ക്ഷമയും സഹനവും എന്നും കൂടെക്കൂട്ടി ബലിഷ്ടമായ ഒരു മനസ്സുമായി എല്ലാ പ്രേരണകളേയും പ്രലോഭനങ്ങളെയും പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ട് ദൈവം നിര്‍ദ്ദേശിച്ച നിയമങ്ങളുമായി ജീവിതം നയിക്കണം. അവിടെയാണ് എന്റ പരിശീലനത്തിന്റെ വിജയം. ഓരോ മനുഷ്യരുടേയും വിജയം. 

11 മാസങ്ങള്‍ക്ക് ശേഷം നീ വീണ്ടും പരിശീലനക്കളരിയില്‍ ‍ എത്തുമെന്നറിയാം, പഴയ പിശാചിന്റെ സംസ്ക്കാരത്തിലേക്ക് വീണു പോവുന്നവരെ തിരിച്ചു കൊണ്ടുവരാന്‍...
നിന്നെ അയച്ച സൃഷ്ട്ടാവ് അതുവരെ ജീവിക്കാനുള്ള അവസരം തന്നെങ്കില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം..

എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍....

തിങ്കളാഴ്‌ച, ജൂലൈ 25, 2011

സൂപ്പര്‍ ‍നക്ഷത്രങ്ങള്‍

ഭൂമിയില്‍ ജീവിക്കുന്ന സൂപ്പര്‍ നക്ഷത്രങ്ങളെ... ഭൂമിക്കു മീതെ ആകാശത്തിലെക്കുയര്‍ന്നു നില്‍ക്കുന്ന വന്‍ കെട്ടിടങ്ങള്‍ സ്വന്തമാക്കിയും  സ്വന്തം ഭൂമിയുടെ വിസ്തൃതി  വര്‍ദ്ധിപ്പിച്ചും നിങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുമ്പോള്‍ നിങ്ങള്‍ ഓര്‍ത്തുവോ ഒരു പറ്റം പാവങ്ങള്‍ പകല്‍ മുഴുവന്‍ അദ്ധ്വാനിച്ചു വൈകുന്നേരങ്ങളില്‍ ഇത്തിരി ആശ്വാസത്തിന് നിങ്ങള്‍  കാണിച്ചിരുന്ന ഗോഷ്ട്ടികള്‍ കാണാന്‍ വരുമ്പോള്‍ തരുന്ന ദുട്ടുകളായിരുന്നു നിങ്ങളുടെ സമ്പാദ്യത്തിന് പിന്നിലെന്ന്?
ഈയടുത്ത കാലം മുതല്‍ നിങ്ങളില്‍  ഒരു നക്ഷത്രം രാവിലെയാവുമ്പോള്‍   വിഡ്ഢിപ്പെട്ടിക്കുള്ളില്‍  ഇരുന്നുകൊണ്ട് പറയാന്‍ തുടങ്ങിയില്ലേ? ബ്യൂട്ടി  ക്വാളിറ്റിയെ  കണ്ടുമുട്ടും. വരൂ മലബാറിലേക്ക്  ഞാന്‍  നിങ്ങള്ക്ക് ക്വാളിറ്റിയുള്ള  ബ്യൂട്ടിയുണ്ടാക്കി തരാം. ഞങ്ങള്‍  വിശ്വസിച്ചു. വന്നു.ക്വാളിറ്റിയുള്ള  ബ്യൂട്ടിയുമായി വീട്ടിലെത്തുമ്പോള്‍ താങ്കള്‍ അതാ വീണ്ടും വിഡ്ഢിപ്പെട്ടിയില്‍‍. ആ ബ്യൂട്ടി  ഇങ്ങട്ട് തന്നേര്. ഒത്തിരി കാശ് തരാം. മാസത്തില്‍ ഇത്തിരി പലിശ കൊടുത്താല്‍   മതി. വിശ്വസിച്ചു. താങ്കള്‍ പറഞ്ഞിടത്ത് ചെന്ന് ബ്യൂട്ടി കൊടുത്തു കാശ്  വാങ്ങി. വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീണ്ടുമതാ ചോദ്യം. വൈകിട്ടെന്താ പരിപാടി? ശ്ശൊ എനിക്ക് വയ്യാ. ബ്യൂട്ടി പണയം വെച്ച കാശുണ്ട് കയ്യില്‍. പിന്നെയെന്താ ചിന്തിക്കാന്‍. താങ്കള്‍ പറഞ്ഞ പരിപാടി തന്നെ.  സന്ധ്യ   ആവുമ്പോഴേക്കും ബ്യൂട്ടിയും  പോയി കാശും തീര്‍ന്നു. വൈകീട്ടത്തെ പരിപാടി  കൊണ്ട്  കുടുംബത്തിലെ സമാധാനവും നശിച്ചു. ഇങ്ങനെയൊക്കെ താങ്കളെ വിശ്വസിച്ച  ഞങ്ങളെ വഞ്ചിക്കരുതായിരുന്നു. ഞങ്ങള്‍ നിങ്ങളുടെ ചിലവിനായി കീശയിലിട്ടു തരുന്ന വരുമാനത്തിന് ചുങ്കം വാങ്ങുന്നവര്‍ക്ക് കൃത്യമായി   കൊടുത്തിരുന്നേല്‍ ഞങ്ങളുടെ വിശ്വാസം ഏറുമായിരുന്നു. ആ ചുങ്കം കൊണ്ടല്ലേ സര്‍ക്കാര്‍ നമ്മള്‍ പാവം ജനങ്ങളെ സേവിക്കുന്നതും. കോടികള്‍  കുന്നുകൂടിയപ്പോള്‍ ഒക്കെ മറന്നുവല്ലേ.
പക്ഷെ നമ്മള്‍ക്ക് മറക്കാനാവുമോ?
താങ്കള്‍ അന്ന് ഗാന്ധി നഗറില്‍ ഗൂര്ഖ്‌യായി വന്നപ്പം നമ്മള്‍ എത്ര സ്നേഹത്തോടെ സ്വീകരിച്ചു.  M .A ഡിഗ്രിയുമായി ടി.പി .ബാലഗോപാലനായി വന്നപ്പോള്‍ നമ്മള്‍ എത്ര സന്തോഷിച്ചു. ദശരഥത്തിലിരുന്നു കൊണ്ട് താങ്കള്‍ സുകുമാരി ചേച്ചിയോട് ചോദിച്ചില്ലേ...നിങ്ങള്ക്ക് എന്റെ അമ്മയാവാന്‍ പറ്റുമോ എന്ന്.. അതിപ്പഴും മനസ്സിലുണ്ട്.മറക്കാനാവുമോ അത്.  പിന്നെ കുറെ അനാഥ ഉണ്ണികളുമായി  വന്നു ഒരു കഥ പറഞ്ഞുകൊടുത്തപ്പോള്‍ മനസ്സ് വിങ്ങുകയായിരുന്നു.
അങ്ങിനെയുള്ള എത്രയെത്ര മറക്കാനാവാത്ത നിമിഷങ്ങള്‍... 
മെഗാ നക്ഷത്രമേ.....  കാണാമറയത്ത് നിന്ന് ഒരനാഥയെ സംരക്ഷിച്ചപ്പോള്‍ താങ്കളുടെ വിശാലമനസ്ഥിതി ഞങ്ങള്‍ പ്രശംസിച്ചു. വാത്സല്യം നിറഞ്ഞ ഒരു ചേട്ടനായപ്പോള്‍ താങ്കളുടെ രക്ത ബന്ധങ്ങള്‍ക്ക് വേണ്ടിയുള്ള സഹനശക്തി അറിഞ്ഞു. ഒരു C . B .I കുപ്പായമിട്ട് സത്യം തെളിയിക്കാന്‍ വന്നപ്പോഴും, അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ മുഖം മൂടി അഴിച്ചുമാറ്റുന്ന കലക്ടര്‍ കിംഗ്‌ ആയി മാറുന്നത് കണ്ടപ്പോളും താങ്കള്‍ ഈ യതാര്‍ത്ഥ ലോകത്ത് എന്നും ജീവിചിരുന്നെങ്കിലോ എന്നോര്‍ത്തു പോയിരുന്നു.
പക്ഷെ ഇന്ന് ഞങ്ങള്‍ അറിഞ്ഞു.  നിങ്ങളുടെ  യതാര്‍ത്ഥ  മുഖം ഇതിലൊന്നുമുണ്ടായിരുന്നില്ല. സാധാരണക്കാരായ ഞങ്ങള്‍ക്ക് കാണാവുന്നതിനുമെത്രയോ ഉയരത്തിലാണ് ആ മുഖം. ബുര്‍ജ് ഖലീഫയുടെ ഉയരത്തില്‍, അല്ലേല്‍ കണ്ണെത്താ ദൂരത്തു നീണ്ടു കിടക്കുന്ന സ്വന്തം ഭൂമിക്കപ്പുറത്തു......... 
  നമ്മുടെ പ്രിയപ്പെട്ട നക്ഷത്രങ്ങളെ ഞങ്ങള്‍ അന്യ ദേശത്തു നോക്കി അസൂയപ്പെടുകയാണ്. ഇത്ര ഉന്നത പദവിയില്‍ കഴിയുമ്പോഴും പാവപ്പെട്ട  ജനങ്ങളുടെയിടയില്‍ ജീവിക്കുന്ന രജനി സാറിനെയും വരുമാന നികുതിക്കാരുടെ അവാര്‍ഡു വാങ്ങിയ കമല്‍ സാറിനെയും നോക്കികൊണ്ട്‌.      ‍      
  
ഇത്രയേറെ സ്നേഹിച്ച ഞങ്ങളെ വഞ്ചിക്കരുതായിരുന്നു.