ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2011

നോമ്പ് കാലം പടിയിറങ്ങി

നോമ്പ് പടിയിറങ്ങി.. പടി വാതുക്കല്‍ നിന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് കണ്‍വെട്ടത്തു നിന്ന് മറയുന്നത് വരെ ഞാന്‍  നോക്കിനിന്നു...മനസ്സ് വിങ്ങുന്നു... ഒരു മാസ്സക്കാലം ഓരോ നിമിഷങ്ങളിലും എന്നോടൊപ്പം കഴിച്ചുകൂട്ടിയ എന്റെ എല്ലാമെല്ലാമായി മാറിയ പരിശീലകന്‍ യാത്രയായി .......നാട്ടില്‍ നിന്നും ഒരുമാസക്കാലം കഴിച്ചുകൂട്ടി തിരിച്ചുപോവുന്ന ഗള്‍ഫുകാരന്റെ പ്രിയപ്പെട്ടവരെപ്പോലെ എന്റെ മനസ്സ് തേങ്ങുന്നു ....


പക്ഷെ എന്റെ പ്രിയപ്പെട്ട പരിശീലകാ...നിന്റെ തിരിച്ചുപോക്ക് എന്നെ വേദനിപ്പിക്കുന്നുന്ടെങ്കിലും നിന്റെ സാന്നിധ്യം എന്നിലുണ്ടാക്കിയ മാറ്റം എത്രത്തോളമാണെന്നരിയുമ്പോള് നിന്റെ വരവ് ഒരു ആവശ്യം തന്നെയായിരുന്നു എന്ന് ഞാനറിയുന്നു. എന്നെപ്പോലുള്ള ഓരോ മനുഷ്യര്‍ക്കും നിന്റെ വരവ് നിര്‍ബന്ധം തന്നെയായിരുന്നു. ആ വരവ് കൊണ്ട് തന്നെ സ്വന്തം ഇച്ഛകളെ അടിച്ചമര്‍ത്തി ഓരോ വ്യക്തികളും സ്വയം സംസ്ക്കരിക്കപ്പെട്ടല്ലോ. അതിലൂടെ കുടുംബവും സമൂഹവും സംസ്ക്കാരത്തിന്റെ ഉന്നതാവസ്ഥയില്‍ എത്തിപ്പെടാനും സമാധാനവും സന്തോഷവും എങ്ങും കളിയാടാനും ‍ ഇടയായല്ലോ.

നിന്റെ വരവ് എന്നെ ഭൂമിയില്‍ സൂഷ്മതയോടെ ജീവിക്കാന്‍ പരിശീലിപ്പിക്കാനാണെന്ന് നിന്നെ അയച്ച സൃഷ്ട്ടാവ് നേരത്തെ അവന്റെ ദൂതനിലൂടെ അറിയിച്ചിരുന്നത് കൊണ്ട് ഞാന്‍ എല്ലാ തയ്യാറെടുപ്പുമായായിരുന്നു നിന്നെ കാത്തിരുന്നത്. നീ എന്നോടൊപ്പമുള്ള ആദ്യ പരിശീലന ദിവസം, പ്രഭാതം മുതല്‍ പ്രദോഷം വരെയുള്ള സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ വര്‍ജ്ജിക്കുമ്പോള്‍ എന്റെ കൈയെത്തും ദൂരത്തു തന്നെ രുചിയേറിയ ഭക്ഷണം തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഞാന്‍ അത് ‌ ശ്രദ്ധിക്കാതെ പരിശീലിക്കുകയായിരുന്നു. വിശപ്പ്‌ എങ്ങിനെ തരണം ചെയ്യാം. കാരണം ദാരിദ്ര്യം ഏതു നിമിഷവും എന്നിലേക്ക്‌ കയറിവരാം. അത് എന്റെ നിയന്ത്രണത്തില്‍പ്പെട്ടതല്ലല്ലോ. അതോടൊപ്പം ഞാനറിയുകയായിരുന്നു ലോകത്ത് നാനാ ഭാഗങ്ങളില്‍ പട്ടിണി കിടന്നു മരിക്കുന്നവരുടെ വേദനകള്‍. ആ ഒരു ചിന്ത മാത്രം എന്റെ കടുത്ത മനസ്സിനെ എത്ര മാത്രം നിര്‍മ്മാലമാക്കിത്തീര്‍ത്തുവെന്നു നീയറിഞ്ഞുവോ?

ആ പകലുകളില്‍ എന്റെ ഇണ തൊട്ടരികിലുണ്ടായിരുന്നു. പക്ഷെ ഞാന്‍ വികാരത്തോടെ ദൂരെ നിന്ന് നോക്കി കാത്തിരിപ്പായിരുന്നു സൂര്യന്‍ അസ്തമിക്കും വരെ. ഞാന്‍ പരിശീലിക്കയായിരുന്നു എന്റെ വികാരം എങ്ങനെ നിയന്ത്രിച്ചുനിര്‍ത്താമെന്നു.

ജോലിയിടങ്ങളിലും ചന്തകളിലും എന്നെ കോപാവിഷ്ട്ടനാക്കുന്ന പല കാര്യങ്ങളും നടന്നു. പക്ഷെ എന്റെ പരിശീലകന്‍ എന്നെ കോപം നിയന്ത്രിക്കാന്‍ പഠിപ്പിച്ചു. എന്നോട് വാക്ക് തര്‍ക്കത്തിന് വന്നവരോടും ഞാന്‍ പറഞ്ഞു എന്റെ കൂടെ പരിശീലകനുണ്ട്. ഞാന്‍ നോമ്ബുകാരനാണ്.

കൂട്ടുകാരുടെ ഇടയില്‍ നാട്ടുകാര്യങ്ങള്‍ സംസ്സാരിക്കുമ്പോള്‍ അവിടെ ഇല്ലാത്ത പലരുടെയും തെറ്റ് കുറ്റങ്ങള്‍ പറഞ്ഞു ഞാന്‍ എല്ലാവരെക്കാള്‍ നല്ലവനാണെന്ന് കാണിക്കാന്‍ എന്റെ മനസ്സു വെമ്പുന്നുണ്ടായിരുന്നു. പക്ഷെ നീ ‍ എന്നെ തടസ്തം ചെയ്തു. മറ്റുള്ളവരെക്കുറിച്ച് കുറ്റം പറയരുത്. നിന്റെ നാവിനെ നീ നിയന്ത്രിക്കുക.

എന്റെ അനുവദനീയമല്ലാത്ത നോട്ടത്തെയും, വികലമായ ചിന്തയേയും നിയന്ത്രിക്കാന്‍ നീയെന്നെ പഠിപ്പിച്ചു...

അന്ത്യയാമങ്ങളില്‍ ശീതീകരിച്ച മുറിയിലെ സുഖനിദ്രയില്‍ നിന്നും, സുഖത്തെയും നിദ്രയേയും അവഗണിച്ചു കൊണ്ട്, എഴുന്നേറ്റു എന്നെയും ഈ ലോകത്തെയും സൃഷ്ട്ടിച്ചു പരിപാലിക്കുന്ന ദൈവത്തെ സ്തുതിക്കാനും, മനുഷ്യനായത് കൊണ്ട് പറ്റുന്ന തെറ്റുകള്‍ ദൈവത്തോട് ഏറ്റുപറയാനും ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് പറഞ്ഞു പശ്ചാത്തപിക്കാനും ഈ ലോകത്തും അടുത്ത ലോകത്തും വിജയം ലഭിക്കാനും അങ്ങിനെ നന്ദിയുള്ളവനാവാനും, എങ്ങിനെ ഉറക്കത്തെ നിയന്ത്രിക്കാമെന്നും എന്നെ പരിശീലിപ്പിച്ചു.

ദരിദ്ര ജനങ്ങളുടെയിടയില്‍ നീ എന്നെ കൈപ്പിടിച്ച്‌ കൊണ്ടുപോയി. അവരുടെ അവസ്ഥ അറിയിച്ചു തന്നു, എന്നെ ഏറെ ചിന്തിപ്പിച്ചു. ‍ ഒത്തിരി നൊമ്പരപ്പെട്ട എന്റെ മനസ്സ് ഇത്തിരിയുള്ള സമ്പാദ്യത്തില്‍ നിന്നും അവര്‍ക്ക് സകാത്തിലൂടെയും ദാനധര്‍മ്മങ്ങളിലൂടെയും   സഹായം നല്‍കാന്‍ പരിശീലിപ്പിച്ചതും നീ തന്നെയല്ലേ ?

ഒരു മാസം മുമ്പുള്ള എന്റെ അവസ്ഥയുടെ അന്തരം ഇന്ന് ഞാനറിയുന്നു. ഇസ്ലാമിന്റെ 5 സ്തംഭങ്ങളില്‍ ഒന്ന് മാത്രമായ, നിന്റെ പരിശീലനം കൊണ്ട് ഞാനിന്ന് സംസ്ക്കാരമുള്ള പച്ചയായ മനുഷ്യനായിരിക്കുന്നു.

ഇനി 11 മാസക്കാലം നിന്റെ പരിശീലനത്താല്‍ ലഭിച്ച കഴിവുകളുമായി സ്വന്തം ഇച്ഛകളെ ‍ അടിച്ചമര്‍ത്തി ക്ഷമയും സഹനവും എന്നും കൂടെക്കൂട്ടി ബലിഷ്ടമായ ഒരു മനസ്സുമായി എല്ലാ പ്രേരണകളേയും പ്രലോഭനങ്ങളെയും പ്രയാസങ്ങളെയും പ്രതിബന്ധങ്ങളെയും നേരിട്ട് ദൈവം നിര്‍ദ്ദേശിച്ച നിയമങ്ങളുമായി ജീവിതം നയിക്കണം. അവിടെയാണ് എന്റ പരിശീലനത്തിന്റെ വിജയം. ഓരോ മനുഷ്യരുടേയും വിജയം. 

11 മാസങ്ങള്‍ക്ക് ശേഷം നീ വീണ്ടും പരിശീലനക്കളരിയില്‍ ‍ എത്തുമെന്നറിയാം, പഴയ പിശാചിന്റെ സംസ്ക്കാരത്തിലേക്ക് വീണു പോവുന്നവരെ തിരിച്ചു കൊണ്ടുവരാന്‍...
നിന്നെ അയച്ച സൃഷ്ട്ടാവ് അതുവരെ ജീവിക്കാനുള്ള അവസരം തന്നെങ്കില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം..

എല്ലാവര്ക്കും പെരുന്നാള്‍ ആശംസകള്‍....